പ്രളയ ദുരിതാശ്വാസം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചു

By Online Desk .14 08 2019

imran-azhar

 

 

കോട്ടയം: ജില്ലയിലെ രൂക്ഷമായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനും പ്രളയ പുനരധിവാസ നടപടികള്‍ക്കും, കൃഷിനാശ പരിഹാരത്തിനുമായി അടിയന്തരമായി ഒരു കോടി രൂപ അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രളയബാധിതമായ ഓരോ പഞ്ചായത്തുകളിലെയും പ്രളയ ദുരന്ത നിവാരണ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മുന്‍ഗണനാക്രമത്തില്‍ ഫണ്ട് അനുവദിക്കുന്നതിനും ഗ്രാമ,ബ്ലോക്ക് പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2:30 ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരും.


സംസ്ഥാനത്തൊട്ടാകെയുള്ള പ്രളയബാധിത ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ അവശ്യവസ്തുക്കളും ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാമഗ്രികളും ജില്ലയില്‍നിന്ന് ഒട്ടാകെ വിപുലമായ തോതില്‍ സമാഹരിക്കുന്നതിനും, ലഭിക്കുന്ന അവശ്യ വസ്തുക്കളും സാമഗ്രികളും ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും കൂടാതെ പ്രളയബാധിതമായ മലബാര്‍ മേഖലകളിലും എത്തിച്ചു കൊടുക്കുന്നതിനും തീരുമാനിച്ചു. 15 മുതല്‍ 18 വരെ തീയതികളില്‍ സമാഹരണം നടത്തുന്നതിനും 19-20 തീയതികളിലായി സമാഹരിക്കുന്ന അവശ്യവസ്തുക്കളും സാമഗ്രികളും ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ ശേഖരിച്ച് വിതരണം നടത്തുന്നതിനും തിരുമാനമായി. ജില്ലയില്‍ ഒട്ടാകെ എല്ലാ പ്രളയബാധിത പഞ്ചായത്തുകളിലും അലോപ്പതി,ആയുര്‍വേദ,ഹോമിയോ വിഭാഗങ്ങളുടെ സംയുക്ത മെഡിക്കല്‍ ക്യാമ്പുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്നതിനും തീരുമാനിച്ചു.

OTHER SECTIONS