അമൃത്സര്‍ ട്രെയിന്‍ അപകടം: മരിച്ചവരുടെയും പരിക്കേറ്റവരുടെയും വസ്തുക്കള്‍ മോഷണം പോയതായി പരാതി

By Sarath Surendran.21 10 2018

imran-azharഅമൃത്സര്‍: ദസറ ആഘോഷത്തിനിടെ റെയില്‍വെ ട്രാക്കില്‍ നിന്നവരുടെ ഇടയിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി മരിച്ചവരുടെയും പരിക്കേറ്റവരുടെയും പക്കലുണ്ടായിരുന്ന പണവും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി. മരിച്ച ആളുകളുടെ ശരീരം വിട്ടു കിട്ടിയെങ്കിലും അവരുടെ മൊബൈല്‍ ഫോണുകള്‍. ആഭരണങ്ങള്‍, പഴ്സ് തുടങ്ങിയവ നഷ്ടമായതായാണ് പരാതി.

 

പഞ്ചാബിലെ അമൃത്സറില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് നടുക്കിയ അപകടം നടന്നത്. അപകടത്തില്‍ 61 പേര്‍ മരിക്കുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


അപകടത്തില്‍ മരിച്ച പതിനേഴുകാരന്‍ വാസുവിന്റെ 20000 രൂപ വിലയുള്ള മൊബൈല്‍ ഫോണും സ്വര്‍ണമാലയും പഴ്സും കാണാതായതായി അമ്മ ജ്യോതി കുമാരി പറഞ്ഞു. അപകടത്തിനിരയായ പത്തൊമ്പതുകാരന്‍ തരുണ്‍ മഖന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി അച്ഛന്‍ കമല്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


അപകടത്തില്‍ പെട്ട ദീപക് പറഞ്ഞത് അപകടത്തില്‍ പെട്ട് അനങ്ങാനാവാതെ കിടക്കുന്നതിനിടെ ആരോ ഇയാളുടെ ഫോണ്‍ തട്ടിയെടുത്തുവെന്നാണ്. ഇയാളുടെ മകള്‍ അപകടത്തില്‍ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരമായ അപകടം നടന്നതിനു ശേഷം നിരവധിയാളുകള്‍ വീഡിയോ എടുക്കുന്നതിന്റെയും സെല്‍ഫി എടുക്കുന്നതിന്റെയും തിരക്കിലായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.


അപകടത്തിന്റെ വീഡിയോകളും അപകടസ്ഥലത്തു നിന്നുള്ള സെല്‍ഫികളും സമൂഹമാധ്യമങ്ങളിലും മറ്റും ഷെയര്‍ ചെയ്തവരെ വിമര്‍ശിച്ച് പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. ആളുകള്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറിയിട്ടും ശാന്തരായി എങ്ങനെയാണ് ഫോട്ടോകളും വീഡിയോയും പകര്‍ത്താന്‍ കഴിയുക എന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. 
ആ അവസരത്തില്‍ ഫോട്ടോകളും വീഡിയോയും പകര്‍ത്താന്‍ ആളുകള്‍ക്ക് കഴിഞ്ഞുവെന്നത് അവിശ്വസനീയമാണെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ മേനോന്‍ ട്വീറ്റ് ചെയ്തത്.

OTHER SECTIONS