റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി

By priya.17 08 2022

imran-azhar

 

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍.എണ്ണവില കുതിച്ചുയരുമ്പോള്‍ ഏറ്റവും മികച്ച ഇടപാടിനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുകയെന്നും ഇന്ത്യയും അതാണു ചെയ്തതെന്നും ജയ്ശങ്കര്‍ പറഞ്ഞു.തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ഇന്ത്യന്‍ സമൂഹവുമായുള്ള സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


'എണ്ണയുടെയും വാതകത്തിന്റെയും വില അകാരണമായി ഉയരുകയാണ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ അളവ് കുറച്ചതോടെ, വിതരണക്കാര്‍ ഈ രാജ്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. മിഡില്‍ ഈസ്റ്റില്‍നിന്നും മറ്റുമായി യൂറോപ്പ് കൂടുതലായി ഇവ വാങ്ങിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ ആരാണ് എണ്ണയും വാതകവും ഇന്ത്യയ്ക്കു വിതരണം ചെയ്യുക? ഇതാണ് ഇന്നത്തെ സാഹചര്യം.

 

ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന, വിലക്കയറ്റം കുറയ്ക്കുന്ന മികച്ച ഇടപാട് സാധ്യമാക്കാനാണ് എല്ലാ രാജ്യവും സ്വാഭാവികമായി ഇത്തരം സന്ദര്‍ഭങ്ങളില്‍ ശ്രമിക്കുക. തീര്‍ച്ചയായും ഇന്ത്യയും അതുതന്നെയാണു ചെയ്യുന്നത്. ഇതിന്റെ പേരില്‍ രാജ്യം പ്രതിരോധത്തിലാകേണ്ട കാര്യമില്ല. രാജ്യത്തിന്റെ താല്‍പര്യങ്ങളെപ്പറ്റി ഇന്ത്യയ്ക്കു തുറന്നതും സത്യസന്ധവുമായ നിലപാടാണുള്ളത്. ഇന്ത്യന്‍ ജനതയ്ക്ക് ഊര്‍ജവിലക്കയറ്റം താങ്ങാനാകില്ല.


ആളോഹരി വരുമാനം 2,000 ഡോളറുള്ള ഒരു രാജ്യമാണ് എന്റേത്. ഈ ജനതയ്ക്ക് ഉയര്‍ന്ന ഊര്‍ജവിലക്കയറ്റം സഹിക്കാനാകില്ല. സാധ്യമായ ഏറ്റവും മികച്ച ഇടപാട് ഉറപ്പാക്കുകയെന്ന് എന്റെ കര്‍ത്തവ്യവും ധാര്‍മിക ചുമതലയുമാണ്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ നിലപാട് അറിയാം. ഇതുപോലെ മുന്നോട്ടുപോകുന്നതില്‍ അവര്‍ക്കു തടസ്സവുമില്ല.' ജയ്ശങ്കര്‍ പറഞ്ഞു.

 

 

OTHER SECTIONS