റഫാല്‍ അഴിമതിയ്‌ക്കെതിരെ ആഞ്ഞടിച്ച് എ.കെ. ആന്റണി

By Kavitha J.23 Jul, 2018

imran-azhar

 

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും എതിരെ മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി രംഗത്ത്. റഫാല്‍ യുദ്ധ വിമാനത്തിന്റെ വില വെളിപ്പെടുത്തുന്നതിനു വിലക്കുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെയാണ് ആന്റണി രംഗത്ത് എത്തിയിരിക്കുന്നത്. റഫാല്‍ ഇടപാട് സംബന്ധിച്ച വ്യാജ പ്രസ്താവന നടത്തി പ്രതിരോധ മന്ത്രിയും മോദിയും പാര്‍ലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചുവെന്നും, ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാന്‍ സുരക്ഷകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തം നിലയില്‍ തീരുമാനമെടുത്തുവെന്നും, വാര്‍ത്താസമ്മേളനത്തില്‍ ആന്റണി ആരോപിക്കുന്നു. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ആന്റണി പറയുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്തു വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, സുഖോയ് യുദ്ധ വിമാനങ്ങള്‍ എന്നിവയുടെ വില പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റഫാല്‍ ഇടപാടിന്റെ വില പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്നു ഫ്രാന്‍സ് അറിയിച്ചിട്ടും മോദിയും സംഘവും അതിനു തയാറാവാത്തതു ദുരൂഹമാണ്. യുദ്ധവിമാന നിര്‍മാണം എച്ച്.എ.എല്ലില്‍നിന്ന് എടുത്തുമാറ്റി, ഈ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്കു കൈമാറിയതില്‍ കോടികളുടെ അഴിമതിയുണ്ടന്ന് ആന്റണി ആരോപിച്ചു.

OTHER SECTIONS