'വലിയ ദു:ഖമാണ് എനിക്ക് ഈ വേര്‍പാട്; ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി'

By Web Desk.01 10 2022

imran-azhar

 


തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിക്കുകയാണ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. കേരള ജനതയ്ക്കും പൊലീസിനും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രിയാണ് കോടിയേരിയെന്നും മുന്‍ ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് കുറിപ്പ്:

 

അതീവ ദുഃഖത്തോടെയാണീ വാക്കുകള്‍ കുറിയ്ക്കുന്നത്. കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്‍സ്റ്റബിള്‍ ആയിച്ചേര്‍ന്ന ഭൂരിഭാഗം പോലീസുകാരും 30 വര്‍ഷം സേവനം ചെയ്തു കോണ്‍സ്റ്റബിള്‍ ആയിത്തന്നെ റിട്ടയര്‍ ചെയ്യുന്ന പരിതാപകരമായ അവസ്ഥയില്‍ നിന്നു, യോഗ്യരായവര്‍ക്കെല്ലാം 15 കൊല്ലത്തില്‍ എച്ചസി റാങ്കും 23 കൊല്ലത്തില്‍ എഎസ്‌ഐ റാങ്കും ഇന്ത്യയില്‍ ആദ്യമായി നല്‍കിയ വ്യക്തി.

 

അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പോലീസു വഴി പോലീസുകാര്‍ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വഴി പോലീസുകാര്‍ കുട്ടികള്‍ക്ക് അദ്ധ്യാപകരായും അധ്യാപകര്‍ സ്‌കൂളിലെ പോലീസ് ഉദ്യോഗസ്ഥരും ആയും മാറി.

 

കേരളത്തിലെ ആയിരക്കണക്കിന് എക്സ്സര്‍വീസുകാരെ ഹോം ഗാര്‍ഡുകളാക്കി പോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.


കേരളത്തില്‍ ആദ്യമായി തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയുള്ള ബറ്റാലിയനും തീരദേശ പോലീസും കടലില്‍ പോകാന്‍ പോലീസിന് ബോട്ടുകളും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന തീരദേശ ജാഗ്രതാ സമിതികളും അദ്ദേഹമാണ് സ്ഥാപിച്ചത്. ശബരിമലയില്‍ വിര്‍ച്വല്‍ ഡിജിറ്റല്‍ ക്യു തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.

 

ഇന്ന് പോലീസിനെ വിളിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ എന്ന വിളിപ്പേര് പോലീസിനു നല്‍കിയത് ശ്രീ കോടിയേരി ആണ്.
ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ ുൊലീസ് ആക്ട് നിയമസഭയില്‍ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടര്‍ നല്‍കി, എല്ലാ പോലീസ് സ്റ്റേഷനിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി, പോലീസിന്റെ കമ്പ്യൂട്ടര്‍വല്‍കരണം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കിയതും അദ്ദേഹം.

 

മൊബൈല്‍ ഫോണ്‍ എന്നത് സീനിയര്‍ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009 ല്‍, ഇന്ത്യയില്‍ ആദ്യമായി, സ്റ്റേഷനു കളില്‍ ജോലി എടുക്കുന്ന പോലീസുകാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഔദ്യോഗിക മൊബൈല്‍ കണക്ഷന്‍ നല്‍കിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓര്‍ക്കുന്നു.

 

അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ്‌ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പോലീസിന്റെ പെരുമാറ്റവും സേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയര്‍ത്തുന്നതില്‍ അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയാണ് നമ്മെ വിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീ വേര്‍പാട്.

 

 

 

 

OTHER SECTIONS