കാറില്‍ തണുത്ത് മരവിച്ച് യുവതി: പോലീസ് കബളിപ്പിക്കപ്പെട്ടു

By Shyma Mohan.18 Dec, 2016

imran-azhar

 
    ന്യൂയോര്‍ക്ക്: തണുത്തു മരവിച്ച യുവതിയെ വാഹനത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് പോലീസ് കബളിപ്പിക്കപ്പെട്ടു. ഹഡ്‌സന്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്ത കാറിനകത്ത് തണുത്ത് മരവിച്ചിരിക്കുന്ന യുവതിയുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവതിയെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസിന്റെ ശ്രദ്ധയില്‍ മഞ്ഞ് മൂടിക്കിടക്കുന്ന കാര്‍ പെടുകയും കാറിനകത്ത് സീറ്റ് ബെല്‍റ്റും ഓക്‌സിജന്‍ മാസ്‌കും ധരിച്ച് ചലനമറ്റ് യുവതി ഇരിക്കുന്നതായും പോലീസ് കണ്ടെത്തി. മൈനസ് 13 ഡിഗ്രി തണുപ്പിലായിരുന്നു വാഹനമെന്നും തുടര്‍ന്ന് വാഹനത്തിനകത്തു നിന്നും യുവതിയെ പുറത്തെടുക്കാന്‍ നടത്തിയ ശ്രമമാണ് അവര്‍ കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്.
    വസ്ത്രശാലയില്‍ വെക്കുന്ന ബൊമ്മയായിരുന്നു കാറിലുണ്ടായിരുന്നത്. സ്ത്രീയുടെ പൂര്‍ണ്ണകായ ബൊമ്മ വസ്ത്രം ധരിച്ച് കണ്ണടയും ഷൂവുമിട്ടാണ് കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്നിരുന്നത്. പോലീസിന്റെ നടപടിയില്‍ പരാതിപ്പെട്ട കാറിന്റെ ഉടമയെ പോലീസ് കണ്ടെത്തി. ബൊമ്മയെ മെഡിക്കല്‍ ട്രെയിനിംഗ് കിറ്റായിട്ടാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. കബളിപ്പിക്കപ്പെട്ട പോലീസ് സംഭവത്തെക്കുറിച്ച് വിശദീകരണ കുറിപ്പും ഇറക്കി. ഇത്തരത്തിലുള്ള പൂര്‍ണ്ണകായ ബൊമ്മകള്‍ അതിശൈത്യമുള്ള ദിവസം പാര്‍ക്ക് ചെയ്ത കാറില്‍ കണ്ടെത്തിയാല്‍ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുമെന്ന് പോലീസ് മേധാവി എല്‍ എഡ്‌വേര്‍ഡ് മോര്‍ അറിയിച്ചു.

OTHER SECTIONS