ആധുനിക ശാസ്ത്രത്തിന്റെ അതുല്യ പ്രതിഭ

By Online Desk .08 01 2019

imran-azhar


സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തം എന്ന തത്വം കൂട്ടുകാര്‍ ഭൂമിശാസ്ത്രത്തില്‍ പഠിച്ചുകാണുമല്ലോ? ഒപ്പം അസ്‌ട്രോണമി എന്ന വാക്കും കേട്ടിട്ടുണ്ടാകും. അസ്‌ട്രോണമി എന്നാല്‍ ആകാശഗോളങ്ങളെപ്പറ്റിയുള്ള ശാസ്ത്രപഠനം എന്നാണ്. ഗലീലിയൊയുടെ മുന്‍ഗാമിയായിരുന്ന കോപ്പര്‍നിക്കസ് ആവിഷ്‌കരിച്ച സിദ്ധാന്തമായ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തമെന്നാല്‍ സൂര്യന്‍ ഭൂമിയ്ക്ക് ചുറ്റും കറങ്ങുകയല്ല, മറിച്ച് ഭൂമിയും മറ്റ് ഗ്രഹങ്ങള്‍ സൂര്യന് ചുറ്റുമാണ് ഭ്രമണം ചെയ്യുന്നത് എന്നാണ്. ഗവേഷണ കുതുകിയായ ഗലീലിയോ അന്നേവരെ വിശ്വസിച്ചിരുന്ന അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തത്തെ എതിര്‍ത്ത് കോപ്പര്‍ നിക്കസിന്റെ സൂര്യകേന്ദ്രിത സിദ്ധാന്തത്തെ പിന്താങ്ങി. 1609-ല്‍ ഗലീലിയോ നിര്‍മ്മിച്ച ദൂരദര്‍ശിനി കോപ്പര്‍ സിക്കസിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തത്തെ ശരിവയ്ക്കുകയും പില്‍ക്കാലത്ത് ഒട്ടനവധി പഠനങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും വഴിതെളിയിക്കുകയും ചെയ്തു.

 


പെന്‍ഡുലത്തിന്റെ തത്വം

18ാം വയസിലായിരുന്നു ഗലീലിയോയുടെ ആദ്യകണ്ടുപിടുത്തം. അന്ന് ഗലീലിയോ പിസ സര്‍വകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു. അടങ്ങാത്ത വിജ്ഞാന തൃഷ്ണയും നിരീക്ഷണ പാടവവുമുള്ള ആ യുവവിദ്യാര്‍ത്ഥി ഇടവകപ്പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയായിരുന്നു. പള്ളിയുടെ മച്ചില്‍ നിന്നു ഞാന്നുകിടക്കുന്ന തൂക്കുവിളക്ക് കാറ്റില്‍ ആടുന്നതായി അദ്ദേഹം കണ്ടു. ആകസ്മികമായ ഈ കണ്ടെത്തല്‍ ഒരു ശാസ്ത്രതത്വമായി വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാറ്റത്ത് ചിലപ്പോള്‍ അത് കൂടുതല്‍ നീളത്തിലും കുറഞ്ഞ നീളത്തിലുമായി ക്രമരഹിതമായിട്ടാണ് ആടിയിരുന്നത്. ആടുന്നതിന്റെ അകലം കൂടിയാലും കുറഞ്ഞാലും അതിനുള്ള സമയം ഒന്നുതന്നെയാണെന്ന് സ്വന്തം നാഡീസ്പന്ദനമെണ്ണി പരീക്ഷിച്ചുറപ്പിച്ചു. പെന്‍ഡുലത്തിന്റെ തത്വം എന്നായിരുന്നു ആ കണ്ടുപിടിത്തം. ഈ തത്വം ഉപയോഗിച്ചാണ് ക്രിസ്ത്യന്‍ ഹൈഗന്‍സ് (1629-1695) എന്ന ഡച്ചുശാസ്ത്രജ്ഞന്‍ പില്‍ക്കാലത്ത് ക്ലോക്ക് കണ്ടുപിടിച്ചത്.

 

ദൂരദര്‍ശിനി എന്ന ''പൈശാചിക യന്ത്രം''
1609ാംമാണ്ടിലാണ് ഗലീലിയോ ദൂരദര്‍ശിനി നിര്‍മ്മിച്ചത്. 1608ല്‍ ഹോളണ്ടുകാരനായ ജാന്‍ലിപ്പര്‍ഷേ വിദൂരവസ്തുക്കളെ അടുത്തുകാണിക്കാന്‍ കഴിവുള്ള ഒരു ഉപകരണം കണ്ടുപിടിച്ചതായി അറിഞ്ഞു. യുദ്ധാവശ്യങ്ങള്‍ക്കും അകലെനിന്ന് വരുന്ന കപ്പല്‍നിരീക്ഷിക്കുന്നതിനും മറ്റുമാണ് ഈ ഉപകരണം ഉപയോഗിച്ചത്. വാര്‍ത്ത അറിഞ്ഞ ഉടനെ അതില്‍ ഏറെ ആകൃഷ്ടനായ ഗലീലിയോ അത്തരത്തിലുള്ള ഒരു ഉപകരണത്തിന്റെ നിര്‍മ്മാണത്തില്‍ വ്യാപൃതനായി. അധികം താമസിയാതെ പ്രായോഗികമായി ഒരു ദൂരദര്‍ശിനി അദ്ദേഹം നിര്‍മ്മിച്ചു. അങ്ങനെ അതുപയോഗിച്ച് ആകാശഗോള നിരീക്ഷണം നടത്തുകയും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അവയുടെ ചലനങ്ങളെയുംകുറിച്ചുള്ള ഒട്ടനവധി പുതിയ സത്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. അങ്ങനെ കോപ്പര്‍ നിക്കസിനെപ്പോലുള്ള ജ്യോതിശാസ്ത്രജ്ഞന്മാര്‍ കേവലം ന്ഗനനേത്രങ്ങള്‍ കൊണ്ട് കണ്ടറിഞ്ഞ കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനും ഏറെ ആകാശകാഴ്ചകള്‍ കാണാനും ദൂരദര്‍ശിനിയിലൂടെ സാധിച്ചു.

 

പിസാ ഗോപുരപരീക്ഷണം
പഴയ അരിസ്റ്റോട്ടിലിയന്‍ തത്വമനുസരിച്ച് ഭാരംകുറഞ്ഞ ഒരു വസ്തുവും ഭാരം കൂടിയ ഒരു വസ്തുവും ഒരേ ഉയരത്തില്‍ നിന്ന് ഭൂമിയിലേക്കിട്ടാല്‍ ആദ്യം ഭൂമിയില്‍ എത്തുന്നത് ഭാരം കൂടിയ വസ്തുവായിരിക്കും. ഇതു തെറ്റാണെന്ന് ഗലീലിയോ തെളിയിച്ചു. പിസായിലെ ''ചെരിഞ്ഞ ഗോപുര''ത്തിന്റെ മുകളില്‍ നിന്നുകൊണ്ട് ഗലീലിയോ രണ്ടു തൂക്കക്കട്ടികള്‍ ഒരേസമയത്ത് ഇട്ടുനോക്കി. ഒന്നിന് 1 പൗണ്ടും മറ്റേതിന് 10 പൗണ്ടുമായിരുന്നു തൂക്കം. ഈ പരീക്ഷണം കാണാന്‍ പ്രഭുക്കന്മാരുള്‍പ്പെടെ അനേകം ആളുകളുണ്ടായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടുതൂക്കക്കട്ടികളും ഒരേസമയത്ത് നിലത്തെത്തി.

 


ബഹുമുഖപ്രതിഭ
വളരെ വൈശിഷ്ട്യമാര്‍ന്ന ഒന്നായിരുന്നു ഗലീലിയോയുടെ വ്യക്തിത്വം. അദ്ധ്യാപകന്‍, പ്രാസംഗികന്‍, ചിന്തകന്‍ എന്നീ നിലകളില്‍ അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ച ഇദ്ദേഹത്തിന്റെ സുഹൃത് വലയം വളരെ വിപുലമായിരുന്നു. എഴുത്തകാര്‍, കലാകാരന്മാര്‍, പണ്ഡിതന്മാര്‍, ഗണിത-ശാസ്ത്ര മേഖലകളിലെ പ്രഗത്ഭര്‍, മതാധികാരികള്‍, ഭരണാധികാരികള്‍ എന്നിവരെല്ലാം അതിലുള്‍പ്പെട്ടിരുന്നു. എങ്കിലും സ്വയം ശരിയെന്ന് വിശ്വസിച്ച് തെളിയിച്ച കാര്യങ്ങളെ സങ്കോചമന്യേ ഇദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ടസ്‌കണിയിലെ ഗ്രാന്റ് ഡ്യൂക്കിന്റെ കൊട്ടാരത്തിലെ മുഖ്യഗണിതശാസ്ത്രജ്ഞനായും കുറെക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചു.

 

''എങ്കിലും അതു ചലിക്കുകതന്നെ ചെയ്യുന്നു''
ശാസ്ത്രചരിത്രമാകെ പരിശോധിച്ചാല്‍ ഗലീലിയോയെപ്പോലെ മതമേലധികാരികളില്‍ നിന്നും ഇത്രയേറെ പീഡനങ്ങളും ശിക്ഷകളും ഏറ്റുവാങ്ങേണ്ടിവന്ന മറ്റു ശാസ്ത്രജ്ഞന്മാര്‍ ഇല്ല എന്നു തന്നെ പറയാം. എന്തിനായിരുന്നു മതാദ്ധ്യക്ഷന്മാര്‍ അദ്ദേഹത്തെ ഇത്രയധികം പീഡിപ്പിച്ചത്? എന്തായിരുന്നു അദ്ദേഹത്തിന്റെ കുറ്റങ്ങള്‍? കൂട്ടുകാര്‍ക്ക് അറിയേണ്ടേ?
സത്യാന്വേഷിയായ ബ്രൂണോയെ വിചാരണ ചെയ്ത് വധശിക്ഷ വിധിച്ച ഇന്‍ക്വിസിഷന്‍ കോടതിയിലെ അംഗമായിരുന്ന കര്‍ദ്ദിനാള്‍ ബെല്ലാര്‍ മൈന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതികര്‍ ഗലീലിയോയ്‌ക്കെതിരെ ഗൂഡാലോചന നടത്തി. ഒന്നാമതായി അദ്ദേഹം കോപ്പര്‍ നിക്കസ് പ്രചരിപ്പിച്ച സൂര്യകേന്ദ്രിത സിദ്ധാന്തം പ്രചരിപ്പിച്ചു. രണ്ടാമതായി ദൂരദര്‍ശിനി എന്ന പൈശാചികയന്ത്രം കണ്ടെത്തി. ഇതിനുപുറമെ ദൂരദര്‍ശിനിയിലൂടെ നോക്കി ശനിയ്ക്ക് വലയവും ഉപഗ്രഹങ്ങളും ഉണ്ടെന്നും വ്യാഴത്തിന് ഉപഗ്രഹങ്ങള്‍ ഉണ്ടെന്നുമുള്ള സുപ്രധാനവും വിപ്ലവകരവുമായ കണ്ടെത്തലുകള്‍ മതാന്ധരെ കോപാകുലരാക്കി.


ഈ കുറ്റങ്ങളെല്ലാം ആരോപിച്ച് വിചാരണ കോടതിയുടെ അന്ത്യശാസനം ഗലീലിയോയ്ക്കു ലഭിച്ചു. രോഗാതുരനും വൃദ്ധനുമായിരുന്ന ഗലീലിയോയ്ക്ക് ഇത് താങ്ങാനായില്ല. ഗലീലിയോ മാപ്പപേക്ഷിച്ചു. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് താന്‍ പറഞ്ഞത് തെറ്റായിപ്പോയെന്നും ഭൂമി കറങ്ങുന്നുണ്ടെന്ന് മേലില്‍ പറയുകയില്ലെന്നും ശപഥം ചെയ്തു മാപ്പപേക്ഷിച്ചു. പിന്നീട് ഗലീലിയോ ശബ്ദം വളരെ താഴ്ത്തിയിട്ട് എങ്കിലും അതും ചലിക്കുക തന്നെ ചെയ്യുന്നു!'' എന്നുപറഞ്ഞുവെന്നൊരു കഥയും ശാസ്ത്രലോകത്തില്‍ ചൊല്ലായിത്തീര്‍ന്നിട്ടുണ്ട്.

 

മൈക്കലാഞ്ജലോ, ഗലീലിയോ, ഷേക്‌സ്പിയര്‍
ശാസ്ത്രം, സാഹിത്യം, കല എന്നീ മേഖലകളില്‍ ലോകമെങ്ങും നവോത്ഥാനം പകര്‍ന്നുനല്‍കിയ കാലഘട്ടമായിരുന്നു 16ാം നൂറ്റാണ്ട്. വിശ്വസാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയര്‍, ''ആധുനികശാസ്ത്രത്തിന്റെ പിതാവ്'' ഗലീലിയോ, അനശ്വര ചിത്രകാരനും എന്‍ജിനീയറുമായിരുന്ന മൈക്കലാഞ്ജലോ എന്നിവര്‍ ഒരേ നൂറ്റാണ്ടില്‍ ജീവിച്ച് ലോകത്തിന് പ്രകാശം പരത്തിയവരാണ്. മൈക്കലാഞ്ജലോ മരിക്കുന്നതിന് മൂന്നുദിവസം മുമ്പാണ് ഗലീലിയോയുടെ ജനനം. ഗലീലിയോയുടെ ജന്മദിനം കഴിഞ്ഞ് 2 മാസം കഴിഞ്ഞാണ് ഷേക്‌സ്പിയര്‍ ജനിച്ചത്. സര്‍ ഫ്രാന്‍സിസ് ബേക്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍, ക്രിസ്റ്റഫര്‍ കൊളംബസ്, ഇഗ്നേഷ്യസ് ലയോള എന്നീ മഹാരഥന്മാരും ഈ നൂറ്റാണ്ടിന്റെ സന്തതികളാണ്.

 

 

 

OTHER SECTIONS