സൂര്യതേജസ്സാര്‍ന്ന വ്യക്തിത്വം

By ഡോ.ജോര്‍ജ് ഓണക്കൂര്‍.19 09 2018

imran-azhar


പഴയ തിരുവിതാംകൂറിന്റെ വടക്കേ അതിര്‍ത്തിയില്‍ നിന്ന് ഗ്രാമീണ ബാലകനെ തലസ്ഥാനനഗരിയുടെ ഹൃദയഭംഗികളിലേക്ക് ചേര്‍ത്തുപിടിച്ചത് 'കൗമുദിയാണ്. ഇന്നും അസാധാരണമെന്നു തോന്നാവുന്ന സത്യം. അവന്റെ വീട്ടിലും വീടുപോലെ കരുതിയ വായനശാലയിലും കേരള കൗമുദി ദിനപത്രവും കൗമുദി ആഴ്ചപ്പതിപ്പും വന്നെത്തിയത് അത്ഭുതം തന്നെയാണ്. ജാതിമത സങ്കുചിത ചിന്തകള്‍ക്കതീതമായി ചിന്തിച്ചുവളര്‍ന്ന ചെറുപ്പക്കാര്‍ക്ക് ആവേശകരമായിരുന്നു, ശ്രീനാരായണ ദര്‍ശനം: ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്. ആ മാനവികതയില്‍ അവരുടെ മാനസിക ഭൂപടത്തിന് അതിരുകള്‍ ഇല്ലാതെയായി. പല പേരുകളില്‍ അറിയപ്പെട്ടാലും വേറിടാത്ത സ്വത്വബോധം, സംസ്‌കാരം.
പഠനം കഴിഞ്ഞ് തിരുവനന്തപുരത്തെ പ്രശസ്ത കലാലയത്തില്‍ അദ്ധ്യാപകനായാണ് ആഗമനം. ജോലിയില്‍ പ്രവേശിച്ച ആഴ്ചയില്‍ത്തന്നെ കൗമുദിയുടെ പ്രഭവകേന്ദ്രമായ പേട്ടയില്‍. ആനന്ദ ഭിക്ഷുവില്‍ ആകൃഷ്ടയായ മാതംഗിയുടെ ആവേശത്തോടെ. ഒടുവില്‍ പൂര്‍ണ്ണ ധന്യത പ്രാപിക്കുന്നത് ബുദ്ധദര്‍ശനത്തില്‍.


സൂര്യതേജസേ്‌സാടെ തിളങ്ങിനിന്ന വ്യക്തിത്വം. പത്രാധിപര്‍ കെ.സുകുമാരന്‍. കൗമാരഘട്ടം കഷ്ടിച്ചു പിന്നിടുകമാത്രം ചെയ്ത എന്നെപ്പോലെ ഒരാള്‍ ആ മഹല്‍ സന്നിധിയില്‍ സ്വാഗതം ചെയ്യപ്പെട്ടത് ഗുരുകൃപ എന്നുമാത്രമേ കരുതാനാവൂ. പിന്നെ അവിടുത്തെ കുട്ടികള്‍ മാറിമാറി ചൊരിഞ്ഞ സ്‌നേഹമഴ; കുഞ്ഞുമോന്‍ എന്ന എം.എസ്.രവി മുതല്‍ പ്രിയപ്പെട്ട സുട്ടു എന്ന സുകുമാരന്‍ മണിവരെ നീളുന്ന ശിഷ്യ പരമ്പര.


വൈകുന്നേരങ്ങളില്‍ ചെന്നെത്തുന്ന ചെറുപ്പക്കാരനും കോളജദ്ധ്യാപകനുമായ ഈ കൊച്ചു കഥാകാരനെ പത്രാധിപര്‍ വാത്സല്യപൂര്‍വ്വം സ്വീകരിച്ചു. ആ വലിയ മനുഷ്യന്റെ മഹത്ത്വം സാവധാനം ഞാന്‍ തിരിച്ചറിയുകയായിരുന്നു. കേരളത്തിലെ മുഖ്യ ദിനപത്രങ്ങളിലൊന്നിന്റെ അധിപന്‍. ശ്രേഷ്ഠനായ സി.വി. കുഞ്ഞുരാമന്റെ പുത്രന്‍, കെ.ദാമോദരന്‍ ബി.എ.യുടെ സഹോദരന്‍, എം.എസ് മണി മുതല്‍ എം.എസ്.രവി വരെയുള്ള മക്കളുടെ പ്രിയപ്പെട്ട അച്ഛന്‍. ഉത്തമനായ ശ്രീനാരായണ ശിഷ്യന്‍; ഒരു ഘട്ടത്തില്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.


മൂവാറ്റുപുഴയില്‍ ജനിച്ച് കോട്ടയം, ചങ്ങനാശേ്ശരി ഭൂമികയില്‍ വളര്‍ന്ന എന്നെപ്പോലെ ഒരാള്‍ക്ക് സാമാന്യഗതിയില്‍ അന്യമാകാവുന്നതാണ് മതാതീത ബോധം; മാനവികത. ശിരസ്‌സില്‍ കൈവച്ചു പറയട്ടെ; എനിക്ക് സങ്കുചിത ജാതിമത ചിന്തകള്‍ ഇല്ല. എന്റെ ദൈവം സത്യമാണ്, സ്‌നേഹമാണ്, സൗന്ദര്യമാണ്.


'മാനവ പ്രശ്‌നങ്ങള്‍ തന്‍ മര്‍മ്മ കോവിദന്മാരേ,
ഞാനൊരു വെറും സൗന്ദര്യാത്മക കവി മാത്രം'
എന്ന വൈലോപ്പിള്ളിക്കവിതയാണ് ക്‌ളാസുമുറികളില്‍ പഠിപ്പിച്ചത്. ശ്രീനാരായണ ദര്‍ശനത്തില്‍ സാന്ദ്രീഭവിച്ചതാണ് എന്റെ ഹൃദയ വികാരങ്ങള്‍. അത്തരമൊരു ഹൃദയസ്വാതന്ത്ര്യം എന്നില്‍ ശക്തിപ്പെടുത്തുന്നതില്‍ പത്രാധിപര്‍ വഹിച്ച പങ്ക് വളരെ, വളരെ വലുതാണ്. 


കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തില്‍ പത്രാധിപര്‍ കെ.സുകുമാരന്റെ ശ്രദ്ധേയ സാന്നിദ്ധ്യമുണ്ട്. അദ്ദേഹത്തിന്റെ പത്രവും എഴുത്തും പ്രഭാഷണങ്ങളും അവഗണനകളുടെ ദുരിതങ്ങള്‍ പേറുന്ന ജനവിഭാഗങ്ങള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നു. പുതിയ ഉയിര്‍ത്തെഴുന്നേല്പിനു കുതിക്കുമ്പോള്‍ തല്ലിത്തളര്‍ത്താന്‍ ഒരുങ്ങുന്ന കരങ്ങളെ 'അരുത്' എന്ന സിംഹഗര്‍ജ്ജനം കൊണ്ട് വിലക്കാന്‍ പത്രാധിപര്‍. കരുത്താര്‍ജ്ജിക്കാന്‍ ശ്രമിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ച് സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം പുനര്‍നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയ ഘട്ടത്തില്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് പത്രാധിപരുടെ കുളത്തൂര്‍ പ്രസംഗം. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് ഇരുന്ന വേദിയില്‍ വച്ചു തന്നെ സര്‍ക്കാരിന്റെ നീക്കത്തെ പത്രാധിപര്‍ എതിരിട്ടു. അതിന്റെ അന്തസ്‌സത്ത ഉള്‍കൊണ്ട് ഈ നിയമനിര്‍മ്മാണം ഉപേക്ഷിക്കാന്‍ തയ്യാറായത് ഇ.എം.എസ് നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ ആര്‍ജ്ജവം എന്നും പറഞ്ഞുകൊള്ളട്ടെ.


സ്വതന്ത്ര ചിന്തകള്‍ പിറന്നുവീഴുന്ന ഈറ്റില്ലമായിരുന്നു പത്രാധിപരുടെ പത്രം. പുതിയ ആശയങ്ങള്‍ പേറുന്ന പ്രതിഭാശാലികളെ അദ്ദേഹം ആകര്‍ഷിച്ച് അടുപ്പിച്ചു, പ്രോത്സാഹിപ്പിച്ചു. സങ്കുചിതമതബോധവും സ്വാര്‍ത്ഥപരമായ രാഷ്ര്ടീയചിന്തകളും വെടിഞ്ഞ് എല്ലാവര്‍ക്കും ഒരുമിക്കാന്‍ പത്രാധിപര്‍ സംസ്‌കാരത്തിന്റെ സ്വതന്ത്രകവാടം തുറന്നിട്ടു. നമ്മുടെ പൊതുവേദികളില്‍ ഉയര്‍ന്നുവന്ന പുരോഗമന ചിന്തകളുടെ ഉറവിടം ഒരുകാലത്ത് ആ മഹാത്മാവായിരുന്നു എന്ന് നന്ദിയോടെ ഓര്‍ക്കുന്നു. എന്റെ ആദ്യ നോവല്‍; അകലെ ആകാശം' സമര്‍പ്പിച്ചത് ആ മഹല്‍ സന്നിധിയിലാണ്; അതിന് അനുഗ്രഹകരമായ പഠനം പ്രസിദ്ധപ്പെടുത്തി അനുഗ്രഹിച്ചതും അവിടുത്തെ പത്രത്തില്‍.
ഓരോരുത്തര്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പ്രകാശത്തിന്റെ ഓരോ കിരണം സമ്മാനിച്ചുകൊണ്ടാണ് ആ പ്രകാശ സൂര്യന്‍ വേര്‍പിരിഞ്ഞത്. അവസാന നാളുകളില്‍ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ തുടരെ എത്തിച്ചേരാന്‍ ഞാന്‍ ശ്രദ്ധിച്ചുവെങ്കിലും രോഗവിവരം തിരക്കി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ എന്റെ ശബ്ദം തിരിച്ചറിഞ്ഞ്, 'എന്നെ കാണാതെ പോകുന്നോ?' എന്ന് തളരാത്ത സ്വരത്തില്‍ അന്വേഷിക്കുമ്പോള്‍ അരികിലെത്തി അനുഗ്രഹം വാങ്ങാന്‍ ലഭിച്ച എത്രയെത്ര അവസരങ്ങള്‍!


നീണ്ട മുപ്പത്തിയേഴു വര്‍ഷം കടന്നുപോയി. രാഷ്ര്ടം മുഴുവന്‍ ആദരപൂര്‍വ്വം കാതോര്‍ത്ത മാനവികതയുടെ സത്യം; അനുഭവിച്ചറിഞ്ഞ സംസ്‌കാരത്തിന്റെ ഹൃദയസ്പര്‍ശം. പത്രാധിപര്‍ അനുഭവമാക്കിത്തന്ന പ്രകാശ കൗമുദി എന്നും സാന്ത്വനമാണ്. ഹൃദയരാഗങ്ങള്‍ ഉണര്‍ത്തുന്നതാണ്. ദീപ്തമായ ആ സ്മരണയ്ക്കു മുന്നില്‍ പുഷ്പാഞ്ജലി.

OTHER SECTIONS