By Sooraj Surendran.12 01 2021
പുണെ: ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കാനിരിക്കെ കോവിഷീല്‍ഡ് വാക്സിന്റെ ആദ്യത്തെ 10 കോടി ഡോസുകള്‍ 200 രൂപയ്ക്ക് ഇന്ത്യയില്‍ നല്‍കുമെന്ന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവാല.
അതേസമയം വാക്സിന്റെ യഥാർത്ഥ വില 1000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക വാക്സിൻ സർക്കാരിന് നൽകിയ ശേഷം ഡോസിന് 1,000 രൂപ പ്രകാരം വിപണിയില്‍ വാക്സിന് ലഭ്യമാക്കുമെന്നും പൂനവാല പറഞ്ഞു.
നിലവിൽ വാക്സിൻ 200 രൂപയ്ക്ക് നൽകുന്നത് സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് വാക്സിന് നല്‍കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ തയാറെടുക്കുന്നത്.