സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്

By Sarath Surendran.21 10 2018

imran-azhar



മുംബയ്: മികച്ച വില്പനയില്‍ രാജ്യത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പത്തു ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് വില 32,270 രൂപയായി. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഉയര്‍ന്ന വിലയാണിത്. ദസറ, ദീപാവലി ആഘോഷങ്ങള്‍ക്ക് പുറമേ വിവാഹ സീസണ്‍ കൂടിയായതിനാല്‍ ഉത്തരേന്ത്യയില്‍ സ്വര്‍ണത്തിന് കനത്ത ഡിമാന്‍ഡാണ്. വ്യാപാര സീസണായതിനാല്‍ കേരളത്തിലും മികച്ച വില്‍പ്പന നടക്കുന്നുണ്ട്.


പവന് 23,600 രൂപയാണ് കേരളത്തിലെ വില. ഗ്രാം വില 2,950 രൂപ. കഴിഞ്ഞയാഴ്ച്ച ഗ്രാം വില 2,960 രൂപവരെയും പവന് 23,680 രൂപവരെയും ഉയര്‍ന്നിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഗ്രാമിന്റെ വില 3,000 രൂപയ്ക്ക് മുകളിലാണ്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച, ഇറക്കുമതിച്ചെലവിലെ വര്‍ദ്ധന എന്നിവയും സ്വര്‍ണവില വര്‍ദ്ധനയ്ക്ക് കാരണം ആയിട്ടുണ്ട് . എന്നാല്‍, ഉത്സവകാല വില്പനയെ വിലക്കുതിപ്പ് ബാധിച്ചിട്ടില്ല.

 


ഡോളറിന്റെ അപ്രമാദിത്തം മൂലം വരും നാളുകളിലും വില കൂടാനാണ് സാദ്ധ്യത. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ ഡിമാന്‍ഡ് ഏറിയെന്നതും വിലയെ മുന്നോട്ട് നയിക്കും. വെള്ളിയുടെ വിലയില്‍ ഇന്നലെ കിലോയ്ക്ക് 100 രൂപ ഉയര്‍ന്നു ന്യൂഡല്‍ഹി വില 39,900 രൂപയായി.

 

 

 

OTHER SECTIONS