സ്വര്‍ണ്ണക്കടത്ത് കേസ് കേന്ദ്രം നിലപാട് കടുപ്പിക്കുന്നു, പിന്നില്‍ പ്രതീഷ് വിശ്വനാഥ്

By Web Desk.22 07 2022

imran-azhar

 


സ്വന്തം ലേഖകന്‍


കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ സി.ആര്‍.പി.സി 164 പ്രകാരമുള്ള മൊഴി സുപ്രീം കോടതി മുമ്പാകെ എത്തിക്കാനുള്ള ഇ.ഡി. നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ എന്ന് സൂചന.

 

സ്വപ്ന സുരേഷ് മജിസ്‌ട്രേട്ട് മുമ്പാകെ നല്‍കിയ മൊഴിയില്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെയാണെങ്കിലും പ്രതിസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളായ എന്‍. ഐ. എയും കസ്റ്റംസുമാണ്. ഇവര്‍ക്ക് താന്‍ നല്‍കിയ മൊഴിപ്രകാരം അന്വേഷണം നടന്നിട്ടില്ലെന്നും തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കുകയായിരുന്നു എന്നുമാണ് വകുപ്പ് 164 പ്രകാരമുള്ള മൊഴിയില്‍ സ്വപ്ന കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളത്.

 

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ബാധിതനായി വിശ്രമത്തിലേക്കു മാറിയ ഘട്ടത്തില്‍ നടന്ന ചില ബാഹ്യ ഇടപെടലുകള്‍ മൂലം സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിക്കപ്പെട്ടു എന്ന ആക്ഷേപം സംസ്ഥാനത്തെ ആര്‍. എസ്. എസ്. - ബി ജെ പി കേന്ദ്രങ്ങള്‍ക്കു പോലുമുള്ളപ്പോഴാണ് നാടകീയമായി സ്വപ്ന സുരേഷ് കോടതി മുമ്പാകെ നിര്‍ണ്ണായകമായ മൊഴി നല്‍കിയത്.

 

 

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ തുടങ്ങിയവരുമായി വ്യക്തിപരമായി അടുപ്പമുള്ള, ഇരുവരുടെയും വിശ്വസ്തനായ
പ്രതീഷ് വിശ്വനാഥ് കേന്ദ്രത്തില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് കര്‍ശന നിലപാടിലേക്ക് ഇ.ഡി. നീങ്ങിയ തെന്നാണ് സൂചന. സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം പോലും ഇ.ഡി. നീക്കങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പ്രതീഷ് വിശ്വനാഥിന്റെ ഇടപെടലുകള്‍ക്കു ശേഷം എന്‍. ഐ.എ. യും സി.ബി.ഐയും വീണ്ടും കേസിലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതീഷ് വിശ്വനാഥിന്റെ അഭിഭാഷക പങ്കാളിയായ കൃഷ്ണരാജാണ് ഈ ഘട്ടത്തില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ എന്നതും ശ്രദ്ധേയമാണ്.

 

ശിവശങ്കറിന് ജാമ്യം കിട്ടിയ ശേഷം എന്‍. ഐ എ എ യിലുണ്ടായിരുന്ന കേരള പൊലീസ് ഓഫീസര്‍മാര്‍ ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ചു മടങ്ങി, അതില്‍ ഒരാള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഐ.പി. എസ്. കണ്‍ഫര്‍ ചെയ്തു നല്‍കി , സ്വപ്ന എന്‍. ഐ.എക്കു കൈമാറിയ പ്രധാന തെളിവുകള്‍ അടങ്ങിയ ഐ ഫോണ്‍ മഹസറില്‍ രേഖപ്പെടുത്താതെ മുക്കി തുടങ്ങിയ വിവരങ്ങളും പ്രധാനമത്രിയുടെയും ആഭ്യന്തര മത്രിയുടെയും മുന്നിലെത്തിയിട്ടുണ്ട്.

 

സ്വപ്നയുടെ മൊഴി സുപ്രീം കോടതി മുമ്പാകെ എത്തിക്കാനുള്ള ഇ.ഡി. യുടെ നീക്കം നിര്‍ണ്ണായകമാണ്. മൊഴി പരിശോധിച്ച് സുപ്രീം കോടതി പരിശോധിച്ച് എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ അത് സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നിലവരെ ഉണ്ടായേക്കാം.

 

 

 

 

OTHER SECTIONS