പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ചാക്കാനുള്ള തീരുമാനം വിവേചനമാണെന്ന് രാഹുല്‍ ഗാന്ധി

By Anju N P.14 Jan, 2018

imran-azhar

 

ന്യൂഡല്‍ഹി: പുറം നാട്ടിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇത് വിവേചനമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്പോര്‍ട്ടുകളൊഴികെ എല്ലാത്തിനും കടുംനീല പുറംചട്ടയാണുള്ളത്.

 

ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്‍മാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. ബിജെപിയുടെ വിവേചന മനോഭാവം പ്രകടമാക്കുന്ന നടപടിയാണിത്- രാഹുല്‍ ഗാന്ധി പറഞ്ഞു.

 

കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യമന്ത്രാലയം പാസ്പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനത്തിലെത്തിയത്. പാസ്പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്.

 

ഇപ്പോള്‍ പാസ്പോര്‍ട്ടില്‍ അവസാന പേജ് പ്രിന്റ് ചെയ്യുന്നില്ല. എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്പോര്‍ട്ടുകള്‍ക്കാണ് ഓറഞ്ച് കളര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എമിഗ്രേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് നീല കവര്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

 

OTHER SECTIONS