സംവിധായകൻ വിജീഷ് മണിക്കും നിർമാതാവ് എ.വി അനൂപിനും ഗിന്നസ് റെക്കോർഡ്

By Abhirami Sajikumar.23 Mar, 2018

imran-azhar

 

 
 

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സിനിമ നിർമിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയിരിക്കുകയാണ് വിശ്വഗുരു എന്ന സിനിമയുടെ നിർമാതാവ് എ.വി അനൂപും സംവിധായകൻ വിജീഷ് മണിയും. ജാതിമത ചിന്തകൾക്കതീതമായി ഏകലോക ദർശനം ചമച്ച ശ്രീനാരായണഗുരുവിന്റെ ബാനറിൽ എ വി അനൂപ് (മെഡിമിക്സ്) നിർമിച്ച ഈ സിനിമയുടെ സർഗ്ഗാത്മക നിർദ്ദേശം സച്ചിദാനന്ദസ്വാമിയുടെയും, തിരക്കഥ സംഭാഷണം പ്രമോദ് പയ്യന്നൂരിന്റേയും, ക്യാമറ ലോകനാഥനുമാണ്. 

സ്ക്രിപ്റ്റ് മുതൽ റിലീസ് വരെയുള്ള എല്ലാ സംഗതികളും ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു തീർന്നു എന്നതാണ് റെക്കോർ‌ഡിന് അർഹമായത്. നിലവിലെ ശ്രീലങ്കൻ സിനിമയുടെ റെക്കോർഡായ 71 മണിക്കൂറും 10 മിനിറ്റും എന്ന റെക്കോർഡാണ് രണ്ട് ദിവസവും മൂന്ന് മണിക്കൂറും രണ്ട് മിനിറ്റും കൊണ്ട് പൂർത്തീകരിച്ചിട്ട് വിശ്വഗുരു സ്വന്തമാക്കിയത്. മലയാള സിനിമയുടെ നവതി ആഘോഷിക്കുന്ന ഈ വേളയിൽ മലയാള സിനിമയ്ക്ക് കിട്ടുന്ന അപൂർവ്വ നേട്ടമായി മാറുന്നു ഈ അംഗീകാരം.

കഴിഞ്ഞ വർഷം ഡിസംബർ മാസം 27 ന് രാത്രി തിരക്കഥ രചിച്ച് ഷൂട്ടിങ് തുടങ്ങിയ ചിത്രം പിറ്റേന്ന് രാത്രി 11.30 മണിക്ക് തിരുവനന്തപുരം നിള തിയറ്ററിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഷൂട്ടിങ്ങിന് പുറമെ ടൈറ്റിൽ റജിസ്ട്രേഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ, പോസ്റ്റർ ഡിസൈനിങ്, സെൻസറിങ് തുടങ്ങി പ്രദർശനം വരെയുള്ള എല്ലാ സംഗതികളും ഈ സമയപരിധിക്കുള്ളിൽ ചെയ്തു തീർത്തു.

പുരുഷോത്തമൻ, കൈനക്കര, ഗാന്ധിയൻ, ചാച്ചാ ശിവരാമൻ, കലാധരൻ, കലാനിലയം രാമചന്ദ്രൻ, ഹരികൃഷ്ണൻ, കെ പി എ സി ലീലാ കൃഷ്ണൻ, റോജി പി കുര്യൻ, ഷെജിൻ, ബേബി പവിത്ര, മാസ്റ്റർ ശരൺ എന്നിവരാണ് അഭിനേതാക്കൾ. ചമയം–പട്ടണം റഷീദ്, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, കല–അർക്കൻ, പശ്ചാത്തലം സംഗീതം–കിളിമാനൂർ രാമവർമ്മ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ ഡോ. ഷാഹുൽ ഹമീദ്. വർക്കല ശിവഗിരി മഠവും അനുബന്ധ സ്ഥലങ്ങളുമായിരുന്നു ലൊക്കേഷൻ.

OTHER SECTIONS