ഗൗരി ലങ്കേഷിന്റെ വധത്തിന് കല്‍ബുര്‍ഗിയുടെ വധവുമായി സമാനത; രണ്ട് കൊലപാതകങ്ങളും ഒരേ തോക്കു കൊണ്ടെന്ന് സൂചന

By Anju.14 Sep, 2017

imran-azhar

 


ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും തന്നെയാണ് രണ്ടു വര്‍ഷം മുന്‍പ് എംഎം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചതിന് സമാനമാണെന്ന് പോലീസ്. 7.65 എംഎം പിസ്റ്റള്‍ ആണ് രണ്ട് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


ഗൗരി ലങ്കേഷിന്റെ നെഞ്ചിലേയ്ക്കാണ് കൊലയാളി വെടിയുതിര്‍ത്തത്. മൂന്നു വെടിയുണ്ടകളാണ് ഹൃദയത്തില്‍ന്നും ശ്വാസകോശത്തില്‍നിന്നുമായി കണ്ടെടുത്തത്. നാല് ഒഴിഞ്ഞ തിരകള്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചെങ്കിലും നാലാമത്തെ വെടിയുണ്ട കണ്ടെത്താനായിരുന്നില്ല. പിന്നീട് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നാലാമത്തെ വെടിയുണ്ടയും സംഭവസ്ഥലത്തുനിന്ന് ലഭിച്ചു.സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ തന്റെ വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ക്കുന്നത്. 2015 ഓഗസ്റ്റ് 30ന് ധാര്‍വാഡിലെ വീട്ടിലെത്തിയ കൊലയാളി കോളിങ് ബെല്‍ അടിക്കുകയും വാതില്‍ തുറന്ന കല്‍ബുര്‍ഗിയെ വെടിവെച്ചു വീഴ്ത്തുകയുമായിരുന്നു.

 

രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള സമാനതകളും പരിശോധിച്ചാണ് ഒരേ തരത്തിലുള്ള തോക്കുതന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായത്. എന്നാല്‍ ഒരു പ്രത്യേക തോക്കുതന്നെയാണോ ഇരു കൊലപാതകത്തിനും ഉപയോഗിച്ചതെന്ന കാര്യം വ്യക്തമല്ല. അതേസമയം, ഒരേ സംഘം തന്നെയാണ് ഇരു കൊലപാതകത്തിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന സംശയം ബലപ്പെടുത്തുന്നതാണ് കൊലപാതകങ്ങള്‍ തമ്മിലുള്ള ഈ സാമ്യമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

loading...