By Priya.19 05 2022
ന്യുഡല്‍ഹി:ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മസ്ജിദിലെ സര്‍വേയും, സിവില്‍ കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുക.സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അടക്കം മറുപടി ചോദിച്ചിട്ടുണ്ട്.
അതേസമയം,വാരണാസി സിവില്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിച്ച കൂടുതല്‍ സമയം ഇന്ന് അവസാനിക്കും. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുത്ത സ്ഥലത്തിന് സമീപത്തുള്ള മതില് പൊളിച്ച ശേഷം പുതിയ സര്‍വേ നടത്തണമെന്ന ഹര്‍ജി സിവില്‍ കോടതി ഇന്ന് പരിഗണിക്കും. തര്‍ക്ക സ്ഥലത്ത് പൂജയും പ്രാര്‍ത്ഥനയും അനുവദിക്കണമെന്ന ഹര്‍ജിയും വാരണാസി കോടതിക്ക് മുന്നിലുണ്ട്.
ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വാരണാസി ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് കമ്മിഷണര്‍, കാശി വിശ്വനാഥ ക്ഷേത്രം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവില്‍ കോടതിയിലെ ഹര്‍ജിക്കാര്‍ എന്നിവര്‍ ഇന്ന് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാരണാസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കഴിഞ്ഞതവണ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അടക്കം മറുപടി അറിഞ്ഞ ശേഷം സ്റ്റേ ആവശ്യത്തില്‍ കോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. വാരണാസി സിവില്‍ കോടതി സര്‍വേ സംഘത്തില്‍ നിന്ന് മസ്ജിദില്‍ വീഡിയോ ചിത്രീകരണം അടക്കം സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കിയതിന് അഡ്വക്കേറ്റ് കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ ഒഴിവാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നതിലായിരുന്നു അദ്ദേഹത്തിനെതിരെ നടപടി. അജയ് കുമാര്‍ മിശ്രയുടെ സഹകരണം കൂടി ഉറപ്പാക്കി സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കണമെന്ന് ഹര്‍ജിക്കാര്‍ സിവില്‍ കോടതിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇല്ലെങ്കില്‍ റിപ്പോര്‍ട്ടില്‍ പല നിര്‍ണായക വിവരങ്ങളും ഉള്‍പ്പെടില്ലെന്ന ആശങ്കയാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്. ഇതടക്കം ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വാരണാസി സിവില്‍ കോടതി ഇന്ന് പരിഗണിക്കും.