സംസ്ഥാനത്ത് എച്ച് വണ്‍ എന്‍വണ്‍ ജാഗ്രതാ നിര്‍ദ്ദേശം

By Neha C N .18 08 2019

imran-azhar

 


തിരുവനന്തപുരം : പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. രോഗ ബാധയെ തുടര്‍ന്ന്
ഈ മാസം മൂന്നു പേര്‍ മരണമടഞ്ഞിരുന്നു. കൂടാതെ 38 പേര്‍ക്ക് രോഗ സ്ഥിരീകരണം നടത്തി. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധി പേരാണ് സംസ്ഥാനത്തുടനീളം കഴിയുന്നത്. ഈ സാഹചര്യത്തില്‍ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദ്ദേശം. എല്ലാ ആശുപത്രികളും ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

സംസ്ഥാനത്തുടനീളം ഈ വര്‍ഷം 42 പേരും ഈ മാസം മാത്രം മൂന്ന് പേരും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണപ്പെട്ടുവെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഈ മാസം മാത്രം 38 പേര്‍ക്കും ഇതേ വര്‍ഷത്തില്‍ 821 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സാധാരണയിലും കൂടുതലായി പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, വിറയല്‍ എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ചെറിയതോതിലുള്ള ലക്ഷണങ്ങളുള്ളവര്‍ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടണം. ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍, വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.