നാലു ലക്ഷത്തില്‍പരം വീടുകളില്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ ഓഡിറ്റിംഗ് നടത്തും

By Sarath Surendran.12 10 2018

imran-azhar

 


തിരുവനന്തപുരം : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ 312 വി.എച്ച്.എസ്.ഇ സ്‌കൂള്‍ യൂണിറ്റുകളിലെ 30000 നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥി വളണ്ടിയര്‍മാര്‍ 300 പഞ്ചായത്തുകളിലെ നാലു ലക്ഷത്തില്‍പരം വീടുകളില്‍ ഹരിത ഓഡിറ്റിംഗ് നടത്തും. ഒക്‌ടോബര്‍ 13,14 തീയതികളില്‍ സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ, എന്‍.എസ്.എസ് യൂണിറ്റുകളില്‍ നടക്കുന്ന ദ്വിദിന റെസിഡന്‍ഷ്യല്‍ സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് ഹരിത ഓഡിറ്റ് സംഘടിപ്പിക്കുന്നത്. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ ഗാര്‍ഹിക ഉറവിട മാലിന്യ സംസ്‌ക്കരണം, വീടുകളിലെ പ്ലാസ്റ്റിക് ഉപയോഗം, പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ ആധാരമാക്കി, ഭവന സന്ദര്‍ശനം നടത്തി വീട്ടമ്മമാരെ ബോധവത്ക്കരിക്കും.

 


തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ ക്ഷേമ പ്രവര്‍ത്തകര്‍, തദ്ദേശീയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉദ്യമത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം ചേരും. ശുചിത്വമിഷന്റെ ക്ലീന്‍ കാംപസ് പദ്ധതിയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ സ്വന്തം സ്‌കൂള്‍ കാംപസിലെ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ ദ്വിദിന ക്യാമ്പില്‍ സമയം കണ്ടെത്തും. ഒക്‌ടോബര്‍ 14 ന് അവസാനിക്കുന്ന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ 300 പഞ്ചായത്ത് അധികാരികള്‍ക്ക് ഓരോ പഞ്ചായത്തിലേയും ശരാശരി 1500 വീടുകളില്‍ നിര്‍വഹിക്കപ്പെട്ട ഹരിത ഓഡിറ്റിന്റെ റിപ്പോര്‍ട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ കൈമാറും.

 

 

 

OTHER SECTIONS