കാഴ്ചപരിമിതി അതിജീവിച്ച ഹാരൂണിന് എ പ്ലസ്; ആദ്യമായി കമ്പ്യൂട്ടറില്‍ പരീക്ഷയെഴുതി ഫുള്‍ എ പ്‌ളസ് നേടി

By online desk .01 07 2020

imran-azhar

 

 

മലപ്പുറം: ഹാരൂണിന്റെ എ പ്ലസ് ചരിത്രമായി. സംസ്ഥാനത്ത് ആദ്യമായി എല്ലാ പരീക്ഷകളും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സ്‌ക്രൈബിന്റെ സഹായമില്ലാതെ എഴുതി എല്ലാ വിഷയത്തിനും എ പ്‌ളസ് നേടിയാണ് ഹാരൂണ്‍ ചരിത്രത്തില്‍ ഇടം നേടിയത്. മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.മങ്കട സ്‌കൂളിലെ ഹാരൂണ്‍ കരീം ടി.കെ എന്ന കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥിയാണ് ഈ സവിശേഷ ബഹുമതിക്കര്‍ഹനായത്. പരീക്ഷ ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനിടെ ഹാരൂണിന്റെ വിജയം മന്ത്രി സി. രവീന്ദ്രനാഥ് ആണ് അറിയിച്ചത്.എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ഹാരൂണ്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയത്.

 

കാഴ്ച ശക്തിയില്ലാത്ത ഹാരൂണ്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ആണ് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പരീക്ഷ പൂര്‍ത്തിയാക്കിയത്. ഇന്‍വിജിലേറ്റര്‍ മനോജ് വായിച്ചുകൊടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയത് അവ പ്രിന്റ് എടുത്ത് മറ്റ് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ക്കൊപ്പം നല്‍കുകയായിരുന്നു ഹാരൂണ്‍ ചെയ്തത്. പരീക്ഷയെഴുതാന്‍ ഹാരൂണിന് വേണ്ടി ജി.എച്ച്.എസ്.മങ്കട സ്‌കൂളില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. കാഴ്ച ശക്തി ഇല്ലെങ്കിലും സാധാരണ സ്‌കൂളില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പഠിക്കാനാണ് ഹാരൂണ്‍ ശ്രമിച്ചത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഠനം മുന്നേറിയപ്പോള്‍ അദ്ധ്യാപകരും കൂടെനിന്നു. ഒടുവില്‍ പരീക്ഷയെഴുതാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അനുമതിയും നല്‍കിയതോടെ അത് ചരിത്രമായി.

 

 

OTHER SECTIONS