By parvathyanoop.23 06 2022
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാമ്യം ലഭിക്കേണ്ട പ്രതികളല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. ജാമ്യം കിട്ടിയതിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം വി ജയരാജന് വ്യക്തമാക്കി.മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് പ്രതികള്‍ ലക്ഷ്യമിട്ടത്.സാഹചര്യ തെളിവുകള്‍ നോക്കിയാല്‍ മൂന്ന് പേരും ഒന്നിച്ചാണ് ടിക്കറ്റ് എടുത്തത്.തോക്ക് ഇല്ലാത്തതു കൊണ്ട് മാത്രം അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടില്ലായിരുന്നുവെന്ന് പറയാന്‍ കഴിയില്ല.
പ്രതികള്‍ ജാമ്യം ലഭിക്കേണ്ടവരല്ല.സുരക്ഷ പരിശോധന ഉണ്ടായതു കൊണ്ടാണ് തോക്കു കൊണ്ടുപോകാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാള്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. കണ്ണൂര്‍ സ്വദേശികളായ ഫര്സീന് മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയര്‍ത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായി. പിന്നാലെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം വിമാനത്തില്‍ സഞ്ചരിക്കവെ അതിനുള്ളില്‍ വെച്ചും മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തത്.