രോഗികള്‍ക്ക് വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കും - ആരോഗ്യവകുപ്പ്

By swathi.24 01 2022

imran-azhar

 

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇനി ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ ആരോഗ്യവകുപ്പിന്റെ പദ്ധതി.

 

സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവര്‍ത്തകരുടേയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളില്‍ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. സാധാരണ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകള്‍ വീട്ടില്‍ എത്തിച്ച് നല്‍കുന്നതാണ്.

 

കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയാവിഷ്‌ക്കരിക്കുന്നത്. ഈ വിഭാഗക്കാര്‍ ഇടയ്ക്കിടയ്ക്ക് മരുന്നു വാങ്ങാന്‍ യാത്ര ചെയ്ത് ആശുപത്രികളില്‍ എത്തുമ്പോഴുണ്ടാകുന്ന രോഗവ്യാപനം ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം.

 

'പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗമാണ് കിടപ്പ് രോഗികള്‍. ഇവര്‍ക്ക് കോവിഡ് വന്നുകഴിഞ്ഞാല്‍ അത് മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. പാലിയേറ്റീവ് കെയര്‍ രോഗികളുടെ പ്രത്യേക ശ്രദ്ധയ്ക്കായി എല്ലാ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് രോഗം വരാതെ സൂക്ഷിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാനും മരുന്നുകള്‍ എത്തിച്ചു കൊടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.' പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് എങ്ങനെ കോവിഡ് വരാതെ സംരക്ഷിക്കാമെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനി അവബോധവും നല്‍കി വരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

 

 

 

OTHER SECTIONS