കഠിനമായ തണുപ്പ്; യുഎസില്‍ പിടിയിലായവരില്‍ 2 പേര്‍ക്ക് ഗുരുതര പരിക്ക്, കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരും

By Avani Chandra.23 01 2022

imran-azhar

 

ന്യൂയോര്‍ക്ക്: അനധികൃതമായി കാനഡയില്‍ നിന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് യുഎസില്‍ പിടിയിലായ ഏഴ് ഇന്ത്യക്കാരില്‍ രണ്ടുപേര്‍ക്ക് കഠിനമായ തണുപ്പില്‍ ഗുരുതര പരിക്ക്. കഠിനമായി തണുത്ത കാലാവസ്ഥയില്‍ പരിക്കേറ്റ ഒരു സ്ത്രീയുടെ കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ പിടികൂടിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ രേഖയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

ഇന്ത്യന്‍ പൗരന്‍മാരെ അനധികൃതമായി യുഎസിലേക്ക് കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫ്ളോറിഡക്കാരനായ സ്റ്റീവ് ഷാന്‍ഡ് (47) എന്നയാള്‍ക്കെതിരെ മിനസോട്ട ജില്ലാ കോടതിയില്‍ ക്രമിനല്‍ കേസ് ഫയല്‍ ചെയ്തു. മനുഷ്യക്കടത്ത് ആരോപണം ചുമത്തിയാണ് കേസ്.

 

രണ്ടു ഇന്ത്യന്‍ പൗരന്‍മാരെ കടത്തിയെന്നാണ് സ്റ്റീവ് ഷാന്‍ഡിനെതിരായ ആരോപണം. ഇയാളെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ മറ്റു അഞ്ചു ഇന്ത്യന്‍ പൗരന്‍മാരെ മറ്റൊരിടത്ത് നിന്നും കണ്ടെത്തിയെന്നും യുഎസ് പോലീസ് കോടതിയില്‍ വ്യക്തമാക്കി.

 

'പിടിയിലായവരില്‍ രണ്ടു പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീക്കുമാണ് പരിക്കേറ്റത്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പുരുഷനെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ സ്ത്രീയെ ജീവന്‍രക്ഷിക്കുന്നതിനായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ഒരു കൈ ഭാഗികമായി മുറിക്കേണ്ടി വരും. അതിര്‍ത്തി പോലീസ് കണ്ടെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സ്ത്രീയുടെ ശ്വാസം പലവട്ടം നിലക്കുന്ന സ്ഥിതിയുണ്ടായി'കോടതിയില്‍ യുഎസ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സംഘത്തില്‍ പെട്ട നാലംഗ കുടുംബത്തെ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മഞ്ഞില്‍ തണുത്തുറഞ്ഞ നിലയിലായിരുന്നു പിഞ്ചു കുഞ്ഞടക്കമുള്ളവരുടെ മൃതദേഹങ്ങള്‍. തണുത്ത കാറ്റിനൊപ്പം മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളയിടത്ത് നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് കനേഡിയന്‍ പോലീസ് പറഞ്ഞിരുന്നു.

 

OTHER SECTIONS