ഇന്ത്യയില്‍ ഏറ്റവും മലിനവായു തിരുവനന്തപുരത്ത്

By online desk.20 12 2018

imran-azhar

തിരുവനന്തപുരം: വിഷവാതകങ്ങളും കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന മാരക വിഷധൂളികളും നിറഞ്ഞ് ഏറ്റവും മലിനവായുവുള്ള ഇന്ത്യന്‍ നഗരങ്ങളിലൊന്നായി തിരുവനന്തപുരം മാറി. അന്തരീക്ഷത്തില്‍ നിറയുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ കാര്യത്തില്‍ രാജ്യത്ത് ഇന്നലെ പകല്‍ ഒന്നാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം. പൂന രണ്ടാമത്.

 

മുംബയ് മൂന്നാം സ്ഥാനത്തും ഡല്‍ഹി നാലാമതുമാണ്. മാരകമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന പി. എം. 2.5 എന്ന വിഷധൂളിയുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മലിനമായ ഡല്‍ഹിക്ക് തൊട്ടു പിന്നില്‍ തിരുവനന്തപുരമുണ്ട്. ബാംഗ്‌ളൂരിനും മുംബയ്ക്കും തൊട്ടുപിന്നിലാണ് നമ്മുടെ സംസ്ഥാന തലസ്ഥാനം. ശ്വാസംമുട്ടിക്കുന്ന ഗ്യാസ് ചേംബറായി തിരുവനന്തപുരം മാറിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് മണിക്കൂറുകള്‍ തോറും പുറത്തിറക്കുന്ന അന്തരീക്ഷവായു മേന്മ സൂചികയിലാണുള്ളത്.


ഇതനുസരിച്ച് തിരുവനന്തപുരത്തെ കാര്‍ബണ്‍ മോണോക്സൈഡിന്റെ സൂചിക ഇന്നലെ 110 ആണ്. തൊട്ടു പിന്നിലുള്ള പൂനയുടേത് 104. രാജ്യത്ത് ഏറ്റവും മോശം വായുഗുണനിലവാരമുള്ള ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ സൂചിക 76. ഇതില്‍നിന്നും തിരുവനന്തപുരത്തെ ജനങ്ങള്‍ അകപ്പെട്ട വിഷക്കിണറിന്റെ ആഴം വ്യക്തം. വ്യവസായ നഗരമായ ബാംഗ്ളൂരിന്റെ കാര്‍ബണ്‍ മോണോക്സൈഡ് സൂചിക ഇന്നലെ 31. മുംബയുടേത് 103. ഡിസംബര്‍ 19 ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് ലഭ്യമായ സൂചികയിലാണ് ഇക്കാര്യമുള്ളത്.


അന്തരീക്ഷത്തിലെ കാര്‍ബണ്‍ മോണോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ്, അമോണിയ, അതിസൂക്ഷ്മ ധൂളികള്‍ (പി.എം.2.5, പി.എം.10) ഓസോണ്‍ എന്നീ ഏഴ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ അന്തരീക്ഷ വായുമേന്മ സൂചിക തയ്യാറാക്കുന്നത്. പ്രകടമായി അറിയുന്ന വിഷവാതകങ്ങളെക്കാള്‍ മാരകമാണ് നേരിട്ടു കാണാനാകാത്ത പി.എം.2.5, പി.എം.10 എന്നിവ. ഇവ രണ്ടുമാണ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിലെ മുഖ്യഘടകങ്ങള്‍.


ബുധനാഴ്ച തിരുവനന്തപുരത്തെ അന്തരീക്ഷ വായുമേന്മ സൂചിക ശരാശരി 187 ആയിരുന്നു. ഇതിന് കാരണം അതിമാരകമായ പി.എം. 2.5 ആണെന്ന് സൂചിക വ്യക്തമാക്കുന്നു. ഡിസംബര്‍ 18 ചൊവ്വാഴ്ച രാത്രി 10 മണി മുതല്‍ ബുധന്‍ പിറന്ന് രാത്രി 2 മണി വരെ തിരുവനന്തപുരത്തെ സൂചിക സാരമായ അവസ്ഥയിലായിരുന്നു(312). തിരുവനന്തപുരത്തിന് പിന്നിലുള്ള പൂനയെയും (178) മുംബയെയും (154) ബാംഗ്ളൂരിനെയും (142) ഇന്നലെ മലിനമാക്കിയതും പി.എം.2.5 തന്നെയായിരുന്നു. അതേസമയം സൂചിക 154 ഉള്ള മുംബയിലെ അന്തരീക്ഷ മലിനീകരണത്തിന് മറ്റൊരു കാരണം പി.എം.10 ആയിരുന്നു. മലിനീകരണം ഏറ്റവും കൂടുതലുള്ള ഡല്‍ഹിയില്‍ ഇന്നലെ പരമാവധി രേഖപ്പെടുത്തിയ സൂചിക 474 ആണ്. 24 മണിക്കൂര്‍ ശരാശരി 391.


അന്തരീക്ഷവായു 24 മണിക്കൂറും വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കുന്നത്. ഇതിനുള്ള പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് വായുവിലെ കണികകളും വിഷവാതകങ്ങളും എത്രയെന്ന് തിട്ടപ്പെടുത്തുന്നത്. ഒരുകോടി രൂപ വിലയുള്ള ഈ ഉപകരണം തിരുവനന്തപുരത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പട്ടം പ്‌ളാമൂട്ടിലെ ഓഫീസിന് മുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ബോര്‍ഡിന് കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് അന്തരീക്ഷവായു പഠനത്തിന് ഈ സംവിധാനമുള്ളത്. വൈകാതെ തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കാമ്പസിലും ഉപകരണം സ്ഥാപിക്കും.

 

OTHER SECTIONS