ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി; മൂന്നാറില്‍ കനത്ത മഴ; റോഡുകള്‍ തകര്‍ന്നടിഞ്ഞു

By Web Desk.09 08 2022

imran-azhar

 


തൊടുപുഴ: ഇടുക്കി വെള്ളത്തൂവല്‍ ശല്യാംപാറയില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ഒരു വീട് പൂര്‍ണമായും മറ്റൊരു വീട് ഭാഗികമായും തകര്‍ന്നു. സംഭവസമയത്ത് വീടുകളില്‍ ആരും ഉണ്ടായിരുന്നില്ല. പ്രദേശത്തെ 12 വീടുകള്‍ അപകട ഭീഷണിയിലാണ്.

 

ഉരുള്‍പൊട്ടലില്‍ കല്ലാര്‍കുട്ടിവെള്ളത്തൂവല്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന 8 ബൈക്കുകള്‍ക്ക് കേടുപാടുണ്ടായി.

 

 

മാട്ടുപ്പെട്ടിയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അണക്കെട്ട് തുറന്നു. 2 ഷട്ടര്‍ 40 സെന്റിമീറ്റര്‍ വീതമാണു തുറന്നത്. 1599.60 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിലെ പരമാവധി സംഭരണശേഷി. തിങ്കളാഴ്ച വൈകിട്ട് ജലനിരപ്പ് 1598 മീറ്ററിലെത്തിയതോടെയാണ് ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. ഇതോടെ പാലാറിലും മുതിരപ്പുഴയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

 

മൂന്നാറില്‍ കനത്ത മഴ തുടരുകയാണ്. 13 സെന്റിമീറ്റര്‍ മഴയാണ് തിങ്കളാഴ്ച പെയ്തത്. കുണ്ടളയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. മഴ തുടരുന്നത് മൂലം ഉരുള്‍ പൊട്ടിയ ഭാഗത്ത് മലവെള്ളം കുത്തിയൊലിച്ചെത്തുകയാണ്. റോഡിലെ മണ്ണും പാറകളും നീക്കാന്‍ ഇത് തടസമായിട്ടുണ്ട്. കുണ്ടളയില്‍ നിന്ന് സാന്‍ഡോസ്, ചെണ്ടുവരൈ വഴി വട്ടവട ഭാഗത്തേക്ക് കണ്ണന്‍ ദേവന്‍ കമ്പനിയുടെ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

 

ഗ്യാപ് റോഡില്‍ മലയിടിച്ചിലുണ്ടായ ഭാഗത്ത് പാറകളും മണ്ണും നീക്കം ചെയ്യാനുള്ള പണികള്‍ പുരോഗമിക്കുന്നു. മലമുകളില്‍ നിന്ന് റോഡിലേക്ക് പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ചു മാറ്റുന്ന ജോലികളാണു നടക്കുന്നത്.

 

ദേശീയപാത 85ല്‍ പള്ളിവാസല്‍ രണ്ടാംമൈലിനു സമീപം റോഡിലേക്ക് മരം വീണ് രണ്ടു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.

 

മൂന്നാര്‍ ലക്ഷംവീട് കോളനിയില്‍ മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ക്ക് കേടുപാടുണ്ടായി. ഈ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ടൗണില്‍ മാട്ടുപ്പെട്ടി റോഡില്‍ ലോഡ്ജിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് കേടുപാടുകള്‍ പറ്റി.

 

 

 

 

OTHER SECTIONS