സംസ്ഥാനത്ത് ഹെലി ടൂറിസം അടുത്ത വർഷം മുതൽ ; ആദ്യഘട്ടം കൊച്ചിയിൽ

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെലി ടൂറിസം നെറ്റ് വർക്ക് സ്ഥാപിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് ഹെലി ടൂറിസം അടുത്ത വർഷം മുതൽ ; ആദ്യഘട്ടം കൊച്ചിയിൽ

തിരുവനന്തപുരം: കേരളത്തിൽ ടൂറിസം വകുപ്പും സ്വകാര്യ സംരംഭകരുമായി ചേർന്ന് നടപ്പാക്കുന്ന ഹെലി ടൂറിസം പദ്ധതിക്ക് അടുത്തവർഷം തുടക്കമാകും. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെലി ടൂറിസം നെറ്റ് വർക്ക് സ്ഥാപിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

മാത്രമല്ല മലയോര മേഖലയിലേക്കുള്ള സുരക്ഷിത യാത്രയും ഇതുവഴി ഉറപ്പാക്കാനാകും. ആദ്യഘട്ടമെന്ന നിലയിൽ കൊച്ചിയിൽ ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.ഈ വർഷം സംസ്ഥാനത്ത് ഏറ്റവുമധികം ആഭ്യന്തര- വിദേശ സഞ്ചാരികൾ എത്തിയത് എറണാകുളത്തായതിനാലാണ് കൊച്ചിയിൽ പദ്ധതി ആരംഭിക്കുന്നത്.

ഹെലിപ്പാഡുകൾ 50 സെന്റ് സ്ഥലത്ത് ഒരുക്കാനാകുമെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിരുന്നു.നാലോ അഞ്ചോ പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വാടകയ്‌ക്കോ പാട്ടത്തിനോ എടുക്കുന്ന ചെറിയ ഹെലികോപ്റ്ററുകളായിരിക്കും പദ്ധതിക്കായി ഉപയോഗിക്കുക.

പ്രധാന നഗരങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് 100- 150 കിലോമീറ്റർ ചുറ്റളവിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വേഗത്തിൽ എത്താൻ ഇത് സഹായിക്കും. നിലവിൽ കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മൂന്നാറിലേക്ക് പോകാൻ റോഡ് മാർഗം മാത്രമാണുള്ളത്.എന്നാൽ ഇതിന് നാലുമണിക്കൂറിലധികം സമയമെടുക്കും.അതെസമയം ഹെലികോപ്റ്ററിൽ വെറും 20 മിനിട്ടിൽ മൂന്നാറിലെത്താം.

ബുധനാഴ്ച ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ ഹെലി ടൂറിസത്തിൽ താത്പര്യമുള്ള നിക്ഷേപകർ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.നിലവിൽ രാജ്യത്തെ ഹെലി ടൂറിസം സർവീസുകൾ ഗുപ്തകാശി- കേദാർനാഥ് (ഉത്തരാഖണ്ഡ്), ഡെറാഡൂൺ- ബദരീനാഥ് (ഉത്തരാഖണ്ഡ്),ഡെറാഡൂൺ- വാലി ഒഫ് ഫ്ലവേഴ്സ് (ഉത്തരാഖണ്ഡ്),കത്ര- മാതാ വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മു കശ്മീർ),സോനമാർഗ്- അമർനാഥ് (ജമ്മു കശ്മീർ) എന്നിവയാണ്.

kerala kochi kerala tourism heli tourism