ഒളിക്യാമറ വിവാദം: എം.കെ. രാഘവനെതിരെ കേസെടുക്കാം

By online desk.20 04 2019

imran-azhar

 

 

തിരുവനന്തപുരം: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ കോഴ ചോദിച്ച സംഭവത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഡിജിപിക്ക് നിയമോപദേശം നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്നാണ് ഡയറക്ടറല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്. യഥാര്‍ഥ ടേപ്പ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ ക്രൈംകേസ് വേണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ കഴിഞ്ഞ ദിവസം ഡിജിപി ലോകനാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിയമോപദേശം തേടിയത്. ഡല്‍ഹിയില്‍ എത്തിയ പൊലീസ് ടേപ്പിന്റെ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ കോപ്പി ശേഖരിച്ചിരുന്നു. രണ്ട് കോപ്പിയാണ് ശേഖരിച്ചത്. ഒന്ന് ഫോറന്‍സിക് പരിശോധനക്കായി സീല്‍വെച്ച കവറിലാണ്. ഇതേദൃശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് കലക്ടര്‍ക്കും നല്‍കിയതിനൊപ്പം കത്തിന്റെ കോപ്പിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഐജിയുടെ നേതൃത്വത്തില്‍ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ടേപ്പും ചാനലുകളില്‍ വന്നതും പരിശോധിച്ചു. രാഘവന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളും പൊലീസ് വിശകലനം ചെയ്തു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

 

വിശദമായ അന്വേഷണം (ഡീറ്റയില്‍ഡ് ഇന്‍വസ്റ്റിഗേഷന്‍) നടത്താന്‍ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. മാത്രമല്ല, സീല്‍ചെയ്ത കവറിലെ ഒറിജിനല്‍ ദൃശ്യം ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ കോടതിയുടെ നിര്‍ദേശവും വേണം. അതിനാല്‍ ക്രൈംകേസ് രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാകും. പുറത്തുവന്ന ചാനല്‍ ദൃശ്യവും ഒറിജിനലില്‍ ടേപ്പിലെ ദൃശ്യവും ഒന്നു തന്നെയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ടി വി 9 നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്നുണ്ട്. കമ്മീഷന്‍ ആയി അഞ്ചു കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് 20 കോടിയോളം വരുമെന്നാണ് എം കെ രാഘവന്‍ പറയുന്നത്.

 

മദ്യവും മറ്റും കൊടുത്ത് രാഷ്ട്രീയ എതിരാളികളെ വിലക്കെടുക്കാനാണ് ഇത്രയും തുക വേണ്ടിവരുന്നത്. എന്നാല്‍ ദൃശ്യം പുറത്തായതോടെ വെട്ടിലായ രാഘവന്‍ ദൃശ്യം കൃത്രിമമാണെന്നും സിപിഎം സൃഷ്ടിച്ചതാണെന്നും ആരോപിച്ചു. എന്നാല്‍ ഐജിയുടെ റിപ്പോര്‍ട്ട് വന്നതോടെ ഈ വാദം പൊളിഞ്ഞു.

OTHER SECTIONS