ഇനി വനിത നയിച്ചേക്കും; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രമ്യാ ഹരിദാസിന് മുൻഗണന

By online desk.07 12 2019

imran-azhar

 

തിരുവനന്തപുരം : സംസ്ഥാനത്ത് യൂത്ത്‌കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി ഒരു വനിത. ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ പ്രസിഡന്റാക്കാനാണ് കേന്ദ്ര നേതാക്കളുടെ നീക്കം. ഇതോടെ യൂത്ത്‌കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും രമ്യ.

 

രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടില്‍ വിജയിച്ചവരില്‍ ഒരാളായിരുന്നു രമ്യ ഹരിദാസ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓഡിനേറ്ററാണ് അവര്‍. സിപിഎമ്മിലെ പി. ബിജുവിനെതിരെ അട്ടിമറി വിജയം നേടിയാണ് രമ്യ പാര്‍ലമെന്റിലെത്തിയത്. രാഹുല്‍ഗാന്ധിക്കും രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം കേന്ദ്ര നേതാക്കളോട് അറിയിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ക്ക് അതിനോട് താത്പര്യമില്ല. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണ് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പ് ചിലപ്പോള്‍ തിരിച്ചടി നല്‍കുമെന്നും അവര്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടി അദ്ധ്യക്ഷന്റെ നിലപാടിനോട് യോജിപ്പ് അറിയിച്ചിട്ടുണ്ട്.



നേരത്തെ ശബരി നാഥിനു വേണ്ടി ഐ ഗ്രൂപ്പും ഷാഫി പറമ്പിലിനു വേണ്ടി എ ഗ്രൂപ്പും ശക്തമായി രംഗത്തുണ്ടായിരുന്നു. ഇതിനു വേണ്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ ക്യാമ്പയിനും ആരംഭിച്ചിരുന്നു. ഇത് വലിയ അപകടം വിളിച്ചുവരുത്തുമെന്ന് മനസിലാക്കി കെപിസിസി നേതൃത്വമാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന യൂത്ത്‌കോണ്‍ഗ്രസിലെ ചിലര്‍ക്ക് അതിനോട് യോജിക്കാനായില്ല. അര്‍ഹരായ പലരെയും ഒഴിവാക്കുകയാണെന്നായിരുന്നു ഒരുവിഭാഗത്തിന്റെ ആരോപണം. നേരത്തെ സംസ്ഥാന പ്രസിഡന്റായിരുന്നവരെ വീണ്ടും നിയമിക്കേണ്ടതില്ലെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

 

അതിനിടെ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളിയെ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ശക്തമായ ക്യാമ്പയിന്‍ നടത്തുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായി ചില പ്രവര്‍ത്തകരുണ്ടെന്നും അവരെ കൂടി പരിഗണിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

 

അതിനിടെയാണ് കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ യോഗ്യരായവരുടെ പത്തംഗ പട്ടിക പുറത്തിറക്കിയത്. ഹൈബി ഈഡന്‍, രമ്യ ഹരിദാസ് എന്നീ എം.പിമാരും എംഎല്‍എമാരായ ഷാഫി പറമ്പിലും കെ.എസ്.ശബരിനാഥനും പട്ടികയില്‍ ഉള്‍പ്പെടുന്നു. കെഎസ്യു നേതാക്കളടക്കം അര്‍ഹരെ ഒഴിവാക്കിയതിനെതിരെ എഐസിസിക്ക് പരാതി പരാതി നല്‍കി. സംഘടന തിരഞ്ഞെടുപ്പ് നടത്തും എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമുള്ളത്. ഒരുഘട്ടത്തില്‍ തിരഞ്ഞെടുപ്പു നടപടികള്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. അതിനുശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും സംഘടന തിരഞ്ഞെടുപ്പ് നടത്തിയാല്‍ പഞ്ചായത്തു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നിലപാടെടുത്തു.

 

ഇപ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പിനു തയ്യാറാകകയാണ് യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വം ഇതിന്റെ ഭാഗമായാണ് മത്സരിക്കാന്‍ യോഗ്യതയുള്ള പത്ത് അംഗങ്ങളുള്ള പട്ടിക യൂത്ത്‌കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. ജനപ്രതിനിധികള്‍ യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വരുന്നതിനെ നേരത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത വ്യക്തിയാണ് ഹൈബി ഈഡന്‍. അതേ ഹൈബി ഈഡന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പട്ടികയില്‍ തുടക്കത്തില്‍ തന്നെ ഇടംനേടിയിരിക്കുകയാണ്. രണ്ട് പദവികള്‍ നേതാക്കള്‍ വഹിക്കാന്‍ പാടില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് രണ്ട് എംഎല്‍എമാരും രണ്ട് എംപിമാരും പട്ടികയില്‍ ഇടം നേടിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കെഎസ്യുവിന്റെ വി.എസ്. ജോയ് അടക്കമുള്ളവരെ ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്.

OTHER SECTIONS