കൊച്ചി നഗരസഭ പിരിച്ചുവിട്ടുകൂടെ?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

By mathew.22 10 2019

imran-azhar

 

കൊച്ചി: കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  ഹൈക്കോടതി. കൊച്ചി കോര്‍പറേഷന്‍ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്നും സര്‍ക്കാര്‍ അധികാരം ഉപയോഗിക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കൊച്ചി നഗരത്തെ സിംഗപ്പൂരാക്കണ്ട, ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കി.


ജനങ്ങള്‍ അത്രമേല്‍ ദുരിതത്തിലാണെന്നും കൊച്ചിയിലെ കനാലുകള്‍ മാലിന്യം നിറഞ്ഞ അവസ്ഥയിലാണെന്നും കോടതി നിരീക്ഷിച്ചു. ഇതാണ് വെള്ളം ഒഴുകിപ്പോകാതെ ഉയരാനും ജനജീവിതം ദുസ്സഹമാക്കുകാനും കാരണം ഇതാണെന്നും കോടതി പറഞ്ഞു. കോടികളാണ് ഓരോ വര്‍ഷവും ചെളി നീക്കാനായി ചെലവഴിക്കുന്നത്. എന്നാല്‍, ഇവ കൃത്യമായി ഉപയോഗപ്പെടുത്താതെ നഗരസഭ നിഷ്‌ക്രിയ അവസ്ഥയിലാണുള്ളത്. നഗരസഭയെ മാറ്റി നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണം അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി നാളെ കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.


കൊച്ചി നഗരത്തിലെ വെള്ളക്കെട്ടും പേരണ്ടൂര്‍ കനാലിലെ മാലിന്യ പ്രശ്‌നവും ഉള്‍പ്പടെ വിവിധ ഹര്‍ജികള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പേരണ്ടൂര്‍ കനാലിനെ പുനരുദ്ധരിക്കാനായി സ്ഥിരം പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി നഗര്‍ സ്വദേശിനി കെ ജെ ട്രീസ, ബി വിജയകുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കൊച്ചിയിലെ നിലവിലുള്ള സാഹചര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയിരുന്നു.


ഇന്നലെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തില്‍ പ്രളയ സമാന സാഹചര്യമുണ്ടായതുള്‍പ്പെടെ പരിശോധിച്ച് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവെയായിരുന്നു ഹൈക്കോടതി നഗരസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കോടതി ഇടപെടലിലൂടെ മാത്രമേ നടപടി ഉണ്ടാകൂ എന്ന തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട് മാറണമെന്നും ജനങ്ങള്‍ യുക്തമായ തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന് നിയമപരമായി എന്തു ചെയ്യാമെന്നു പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


പേരണ്ടൂര്‍ കനാലിന്റെ കാര്യത്തിലും നഗരത്തിലെ കാനകള്‍ വൃത്തിയാക്കുന്നതിനും കര്‍ശന നടപടി വേണമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ കോര്‍പ്പറേഷനോടും സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പേരണ്ടൂര്‍ കനാലിനെ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഭരണപരമായ ഇച്ഛാശക്തി വേണംമെന്നും നഗരസഭയ്ക്ക് ഇതിന് സാധിക്കില്ലെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കഴിഞ്ഞയാഴ്ച കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

 

 

OTHER SECTIONS