രേഷിംബാഗ് മൈതാനത്ത് ഭീം ആർമിക്ക് യോഗം നടത്താൻ അനുമതി നൽകി ഹൈക്കോടതി

By online desk .21 02 2020

imran-azhar

 

ന്യൂഡൽഹി: ഭീം ആർമി പ്രവർത്തകർക്ക് ഫെബ്രുവരി 22ന് ആർഎസ്എസ് ആസ്ഥാനത്തിന് സമീപമുള്ള രേഷിംബാഗ് മൈതാനത്ത് യോഗം നടത്താൻ അനുമതിനൽകി ഹൈകോടതി . ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചാണ് ചില നിബന്ധനകൾ ക്കൊപ്പം അനുമതി നൽകിയത്.

കോൺക്ലേവിന് അനുമതി തേടി ദലിത് സംഘടനയാണ് ഹർജി സമർപ്പിച്ചത്. ഇത് പരിഗണിച്ച ജസ്റ്റിസുമാരായ സുനിൽ ശുക്രെ, മാധവ് ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യവസ്ഥകളോടെ അനുമതി നൽകുകയായിരുന്നു. ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് 22 ന് നടക്കുന്ന യോഗത്തിൽ പ്രസംഗിക്കും. ഭീം ആർമി പ്രവർത്തകൻ സമർപ്പിച്ച ഹർജിയിൽ ചൊവ്വാഴ്ച മഹാരാഷ്ട്ര സർക്കാരിനും നാഗ്പൂർ പൊലീസ് കമ്മീഷണർക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.

 

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ആസ്ഥാനത്തിന് സമീപമാണ് വിശാലമായ മൈതാനം. അത് വലിയ ക്രമസമാധാന പ്രശ്‌നങ്ങൾ ക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി കോട്‌വാലി പൊലീസ് സമ്മേളനത്തിന് അനുമതി നിഷേധിച്ചിരുന്നു.എന്നാൽ ഇതേതുടർന്ന് ഭീം ആദ്മി കോടതിയെ സമീപിക്കുകയായിരുന്നു.


ഭീം ആർമി പ്രവർത്തകരുടെ യോഗം നടത്താൻ അനുമതി നൽകണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനും പൊലീസ് കമ്മീഷണർക്കും നിർദേശം നൽകി.

 

“നിബന്ധനകളോടെ അനുമതി നൽകുന്നു. അത് ഒരു പ്രവർത്തക യോഗം മാത്രമായിരിക്കണം. അതിനെ പ്രകടനമോ പ്രതിഷേധമോ ആക്കി മാറ്റരുത്. പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ല, അന്തരീക്ഷം സമാധാനപരമായിരിക്കണം. കൂടാതെ, മേൽപ്പറഞ്ഞ വ്യവസ്ഥകൾ ചന്ദ്രശേഖർ ആസാദിന്റെ ഉത്തരവാദിത്തത്തിലായിരിക്കും,” കോടതി ഉത്തരവിൽ പറഞ്ഞു.

അതേസമയം വ്യവസ്ഥകളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനം കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ക്രിമിനൽ നടപടികൾ കൈക്കൊള്ളുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

 

OTHER SECTIONS