ഉന്നത വിദ്യാഭ്യാസരംഗത്തെ 42 സ്ഥാപനങ്ങളിൽ പുതിയ മന്ദിരങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 27ന്

By online desk .27 10 2020

imran-azhar

 


തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസരംഗത്തെ 42 സ്ഥാപനങ്ങളിൽ പുതിയ മന്ദിരങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, വി.എസ്. സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യാതിഥികളാകും.

 

കുസാറ്റ്, കണ്ണൂർ, എംജി, കാലിക്കറ്റ് സർവകലാശാലകളിലെ നിർമാണം പൂർത്തിയാക്കിയ ഓരോ പദ്ധതികൾ, ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള ഒമ്പത് സ്ഥാപനങ്ങൾ, അസാപ്പിന് കീഴിലെ മൂന്ന് കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ എന്നിവയും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സർക്കാർ ആർട്സ് ആൻറ് സയൻസ് കോളേജുകൾ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രണ്ടു എൻജിനീയറിങ് കോളേജുകൾ, മൂന്ന് പോളിടെക്നിക് കോളേജുകൾ, അഞ്ചു ടെക്നിക്കൽ ഹൈസ്‌കൂളുകൾ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുമാണ് ഇതിൽ ഉൾപ്പെടുന്നത്.


ഏകദേശം 64 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഈ പദ്ധതികൾ പൂർത്തിയാക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ്റൂമുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ, സൗരോർജ ലാബുകൾ, ഇൻക്യുബേഷൻ സെൻററുകൾ, കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ തുടങ്ങിയ സംവിധാനങ്ങൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.

OTHER SECTIONS