ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും കൂടി

By mathew.23 09 2019

imran-azhar

 

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ആറ് ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചു. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച ഉണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ധന വിലയിലെ വര്‍ധനവ്.

ഡല്‍ഹിയില്‍ ഞായറാഴ്ച പെട്രോളിന് 27 പൈസ കൂടി 73.62 രൂപയിലും ഡീസലിന് 18 പൈസ കൂടി 66.74 രൂപയിലുമെത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ വിലപ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 77.03 രൂപയും ഡീസലിന് 71.82 രൂപയുമാണ്.

ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണയുത്പാദനം പ്രതിദിനം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വര്‍ഷങ്ങളോളം വിപണിയെ ബാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിതരണം ഉടന്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.

ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. 20 ലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയും രണ്ടുലക്ഷം ടണ്‍ പാചക വാതകവുമാണ് എല്ലാമാസവും സൗദിയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. സെപ്റ്റംബറിലേക്കുള്ള 13 ലക്ഷം ടണ്‍ എണ്ണ ഇന്ത്യക്ക് ലഭിച്ചു കഴിഞ്ഞു. ബാക്കി നല്‍കുമെന്ന് സൗദി ഉറപ്പു തന്നിട്ടുള്ളതായി് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. സൗദി മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചിരുന്നു.

പാചക വാതക വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ സൗദി കൂടുതല്‍ സമയം ചോദിച്ചിട്ടുള്ളതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് അറിയിച്ചു. കുറവ് വരുന്നത് ഖത്തറില്‍ നിന്ന് വാങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

OTHER SECTIONS