അമ്പൂരി കൊലപാതകക്കേസിലെ പ്രതി അഖില്‍ കുഴിച്ച കുഴി നാട്ടുകാര്‍ക്ക് പാരയായി; കനത്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞ് നാട്ടുകാർക്ക് ദുരിതം

By online desk.09 08 2019

imran-azhar

 

നെയ്യാറ്റിന്‍കര: അമ്പൂരിയില്‍ പൂവാര്‍ സ്വദേശിനി രാഖിമോളുടെ മൃതദേഹം കണ്ടെടുത്ത കുഴിയില്‍ വെള്ളം കവിഞ്ഞൊഴുകിയത് നിര്‍ധന കുടുംബത്തെ ദുരിതത്തിലാഴ്ത്തി. വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് പുരയിടത്തിന്റെ കരിങ്കല്ല് ഭിത്തി തകര്‍ന്നുവീണ് സമീപവാസിയുടെ വീടിന്റെ ചുവരിനോട് ചേര്‍ന്നുള്ള കക്കൂസ് തകര്‍ന്നു.



ശവക്കുഴിയില്‍ നിന്നും ഒലിച്ചിറങ്ങിയ മലിന ജലത്തിന്റെ ദുര്‍ഗന്ധം കാരണം സമീപവാസികളില്‍ പലര്‍ക്കും ഛര്‍ദ്ദി അനുഭവപ്പെട്ടതും ആശങ്കയ്ക്കിടയാക്കി. തട്ടാംമുക്ക് സജി വിലാസത്തില്‍ പങ്കിയുടെ വീട്ടിലേക്കാണ് കൊലക്കേസിലെ ഒന്നാം പ്രതി അഖില്‍ പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ മതില്‍ക്കെട്ട് ഇടിഞ്ഞുവീണത്. ശേഷിക്കുന്ന മതില്‍ക്കെട്ടും നിലംപൊത്താറായ അവസ്ഥയിലായതിനാല്‍ തങ്ങളുടെ വീടും ഏതു നിമിഷവും തകര്‍ന്നു വീഴുമെന്ന ആശങ്കയിലാണ് പങ്കിയും കുടുംബവും.

 

ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പങ്കിയും കൂലിപ്പണിക്ക് പോകുന്ന മകന്‍ സജിയും വൃക്കകള്‍ മാറ്റി ചികിത്സയില്‍ കഴിയുന്ന സജിയുടെ ഭാര്യ സരിതയും ഒന്നര വയസുമാത്രം പ്രായമുള്ള കൈക്കുഞ്ഞുമാണ് വീട്ടിലുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ നെയ്യാര്‍ഡാം എസ്.ഐ. എസ് സാജുവും സംഘവും സ്ഥലം സന്ദര്‍ശിച്ചെങ്കിലും അതിര്‍ത്തി ഇടിഞ്ഞുവീണത് അന്വേഷിക്കേണ്ടത് റവന്യു അധികൃതരാണെന്നും പ്രതികളുടെ പിതാവ് മണിയന്‍ വീട്ടിലുണ്ടെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നുമാണ് മറുപടി നല്‍കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാഖിമോളുടെ മൃതദേഹം കണ്ടെടുത്ത കുഴിയിലും പരിസരത്തും അണുബാധയുണ്ടാകാതിരിക്കാനുള്ള കേ്‌ളാറിനേഷന്‍ നടത്തുകയോ കുഴി മൂടുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെയാണ് കുഴിയില്‍ വെള്ളം കെട്ടിയത്. സംഭവം അറിഞ്ഞിട്ടും അമ്പൂരിയിലെ റവന്യൂ അധികൃതരാരും തിരിഞ്ഞു നോക്കിയില്ലെന്നും പങ്കി പറയുന്നു.

OTHER SECTIONS