ഹണി ബെഞ്ചമിൻ കൊല്ലം മേയർ

By online desk.16 12 2019

imran-azhar

 

കൊല്ലം : കൊല്ലം നഗരസഭ മേയർ സി.പി.ഐയിലെ ഹണി ബഞ്ചമിൻ. മുൻ മേയറും പാർട്ടി ജില്ലാ കൗൺസിൽ അംഗവുമാണ് ഹണി ബഞ്ചമിൻ. സ്ഥാനാർഥിയെ തീരുമാനിക്കാൻ ഇന്നലെ ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അന്തിമ തീരുമാനം സംസ്ഥാന സെന്ററിന് വിട്ടു. എക്സിക്യുട്ടീവിലെ ഇസ്മയിൽ പക്ഷക്കാർ കടപ്പാക്കട കൗൺസിലർ എൻ. മോഹനനെ നിർദ്ദേശിച്ചപ്പോൾ കാനം പക്ഷം ജില്ലാ കൗൺസിൽ അംഗം ഹണി ബഞ്ചമിന് വേണ്ടി ഉറച്ചുനിൽക്കുകയായിരുന്നു.

 

മേയർ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കാൻ ശനിയാഴ്ച ചേർന്ന സി.പി.ഐ അഞ്ചാലുംമൂട്, സിറ്റി മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ഏറ്റവും കൂടുതൽ പേർ നിർദ്ദേശിച്ചത് ഹണി ബഞ്ചമിനെയായിരുന്നു. എന്നാൽ ഇസ്മയിൽ പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ജില്ലാ എക്സിക്യുട്ടീവ് യോഗം ഇന്നലെ ചേർന്നപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. 21 അംഗ എക്സിക്യുട്ടീവിൽ 19 പേരാണ് ഇന്നലെ യോഗത്തിനെത്തിയത്. ഇതിൽ 15 പേർ കടപ്പാക്കട കൗൺസിലർ എൻ. മോഹനന്റെ പേര് നിർദ്ദേശിച്ചു.

 

ചർച്ച വാക് പോരിലേക്ക് കടന്നപ്പോൾ സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഇടപെട്ടു. നിർണായ തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയിൽ സ്ഥിരമായി ഉണ്ടാകുന്ന ചേരിതിരിവ് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും തീരുമാനം സംസ്ഥാന സെന്ററിന് വിടണമെന്നും നിർദ്ദേശിച്ചു. ഇതോടെ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ആർ. രാമചന്ദ്രന്റെ വാക്കുകൾ ശരിവച്ച് തീരുമാനം സംസ്ഥാന സെന്ററിന് വിടാമെന്ന് പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ആർ. ചന്ദ്രമോഹന്റെയും ജെ. ചിഞ്ചുറാണിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

 

ഇന്നലെ രാവിലെ 11ന് കൗൺസിൽ ഹാളിൽ മേയർ തെരഞ്ഞെടുപ്പ് തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ചേർന്ന സി.പി.ഐ പാർലമെന്ററി പാർട്ടി യോഗത്തിലാണ്  മേയറെ സംബന്ധിച്ച സംസ്ഥാന സെന്റർ തീരുമാനം അവതരിപ്പിച്ചത്.. തുടർന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിലും അവതരിപ്പിച്ചശേഷം വിപ്പ് നൽകി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എ.കെ. ഹഫീസ് എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുമെങ്കിലും എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ളതിനാൽ വിജയിക്കില്ല എന്ന് ഉറപ്പായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻതന്നെ സത്യപ്രതിജ്ഞ നടക്കും.

OTHER SECTIONS