ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിച്ച് അമേരിക്ക

By online desk .29 11 2019

imran-azhar

 

 

ഹോങ്കോങ്: ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം മാനിക്കാന്‍ ചൈന തയാറാകണമെന്ന നിലപാട് ആവര്‍ത്തിച്ചു പറയുന്നതിനിടെ ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ അമേരിക്ക ഒപ്പുവച്ചു. ചൈനയുടെ ശക്തമായ വെല്ലുവിളികളെ അവഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. ഹോങ്കോങ്ങില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികള്‍ ഉജ്വല വിജയം നേടിയതോടെ ഭരണകൂടത്തിനെതിരായ വികാരത്തിനൊപ്പം നില്‍ക്കാന്‍ യുഎസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 452 ജില്ല കൗണ്‍സില്‍ സീറ്റുകളില്‍ 388 എണ്ണം, 6 മാസമായി പ്രക്ഷോഭം തുടരുന്ന ജനാധിപത്യവാദികള്‍ പിടിച്ചെടുത്തത് ചൈനയ്ക്കു കനത്ത പ്രഹരമായി. ചൈന അനുകൂല വിഭാഗത്തിന് വെറും 59 സീറ്റുകളേ ലഭിച്ചുള്ളൂ. 5 സ്വതന്ത്രന്മാരും ജയിച്ചു. നിലവില്‍ ജനാധിപത്യചേരിക്ക് 125 സീറ്റുകളാണ് ഉണ്ടായിരുന്നത്.


പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പു വച്ച ട്രംപിന്റെ നടപടിക്കെതിരെ ചൈന വാളെടുത്തു കഴിഞ്ഞു. ഹോങ്കോങ്ങില്‍ ജനാധിപത്യവാദികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തില്‍ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയര്‍ത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അതിനിടെ ഹോങ്കോങ് ജനാധിപത്യവാദികളെ പിന്തുണയ്ക്കുന്ന ബില്‍ നടപ്പാക്കുന്നതില്‍ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് യുഎസ് അംബാസഡറെ ചൈന വിളിച്ചു വരുത്തി.

 

OTHER SECTIONS