കാണ്‍പുര്‍ വെടിവെയ്പ്പ്: കൊടുംകുറ്റവാളി ദുബെയുടെ വീട് ഇടിച്ചുനിരത്തി

By online desk .05 07 2020

imran-azhar

 

 

ലഖ്‌നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ഇന്നലെ രാവിലെയോടെയാണ് കാണ്‍പുര്‍ ജില്ലാ ഭരണകൂടം ജെ.സി.ബികള്‍ ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. കെട്ടിടങ്ങള്‍ക്കൊപ്പം മുന്തിയ ഇനം രണ്ടു കാറുകളും എസ്.യു.വികളടക്കം ജില്ലാഭരണകൂടം ഇടിച്ചു തകര്‍ത്തു.രണ്ടു ജെ.സി.ബികള്‍ എത്തിച്ച് വന്‍ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്. ഇതിനിടെ ദുബെക്കെതിരെ നടത്തിയ റെയ്ഡ് വിവരം ഒറ്റിക്കൊടുത്ത വിനയ് തിവാരി എന്ന എസ്.ഐയെ ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പിരിച്ചുവിട്ടു.

 

വ്യാഴാഴ്ച രാത്രി വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ എട്ടു പേരെ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.അതേസമയം, സംഭവത്തിന് ശേഷം ഒളിവില്‍പോയ വികാസ് ദുബെയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഉത്തര്‍ പ്രദേശ് പൊലീസ് അറിയിച്ചു. 25 പ്രത്യേക സംഘങ്ങളെയാണ് വികാസ് ദുബെയെ കണ്ടെത്താനുള്ള അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ വിവിധ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം തുടരുകയാണെന്നും കാണ്‍പുര്‍ ഐ.ജി. മോഹിത് അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ദുബെയുടെ ലഖ്‌നൗ കൃഷ്ണനനഗറിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അഞ്ഞൂറിലധികം മൊബൈല്‍ നമ്പറുകള്‍ നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു.

 

 

 

OTHER SECTIONS