ബലി കൊടുക്കാനുള്ള യുവതി എത്തിയില്ല; നിധി തട്ടിയെടുക്കാന്‍ മന്ത്രവാദി കര്‍ഷനെ കൊലപ്പെടുത്തി

By priya.04 10 2022

imran-azhar

 

ചെന്നൈ: തമിഴ്‌നാടിനെ നടുക്കി നരബലി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് മന്ത്രവാദി കര്‍ഷകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൂജ നടത്തിയത്. നിധി തട്ടിയെടുക്കാനായിരുന്നു കൊലപ്പെടുത്തിയത. ബുധനാഴ്ച തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് സ്വന്തം കൃഷിയിടത്തിലാണ് കര്‍ഷകനായ ലക്ഷ്മണനെ തലതകര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മന്ത്രവാദം നടന്നതിന്റെ സൂചനയായി നാരങ്ങ, സിന്ദൂരം, കര്‍പ്പൂരം എന്നിവയെല്ലാം മൃതദേഹത്തിന് സമീപമുണ്ടായിരുന്നു.


നരബലി നടന്നിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ലക്ഷ്മണനുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കേളമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ധര്‍മപുരി സ്വദേശിയായ മണിയെ കസ്റ്റഡിയിലെടുത്തു. ലക്ഷ്മണനുമായി അവസാനം ഫോണില്‍ സംസാരിച്ചത് മണിയാണ്. മന്ത്രവാദിയായ ഇയാള്‍, ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു.


വെറ്റിലത്തോട്ടത്തില്‍ നിധിയുണ്ടെന്ന് ലക്ഷ്മണനെ മണി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നരബലി നല്‍കാനുന്നതിന് വേണ്ടി മണിയുടെ അടുത്തു സ്ഥിരമായി ചികിത്സയ്‌ക്കെത്തുന്ന യുവതിയെ ഇവര്‍ കണ്ടെത്തുകയും ചെയ്തു. ചികിത്സക്കാണെന്ന് പറഞ്ഞുകൊണ്ട് യുവതിയോട് വെറ്റിലത്തോട്ടത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൂജ തുടങ്ങി കുറേനേരം കഴിഞ്ഞിട്ടും യുവതി എത്തിയില്ല.

 

ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ലക്ഷ്മണനെ ബലി നല്‍കാന്‍ മണി തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നിധിക്കായി ഇയാള്‍ തോട്ടത്തിലാകെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

 

 

OTHER SECTIONS