ചേര്‍ത്തലയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു

ചേര്‍ത്തലയില്‍ ഭാര്യയെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു.

author-image
Web Desk
New Update
ചേര്‍ത്തലയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു

 

ആലപ്പു: ചേര്‍ത്തലയില്‍ ഭാര്യയെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു. കടക്കരപ്പള്ളി 13-ാം വാര്‍ഡ് വട്ടക്കര കൊടിയശേരില്‍ ശ്യാം ജി.ചന്ദ്രന്‍ (36) ആണ് മരിച്ചത്. ശ്യാമിന്റെ ഭാര്യയും പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപിന്റെയും ബാലാമണിയുടെയും മകളുമായ ആരതി (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിനിടെ ശ്യാമിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ ജീവനക്കാരനായ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കള്‍: വിശാല്‍, സിയ.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് ശ്യാം മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയത്. മക്കളെ കാണാന്‍ ആരതി അനുവദിച്ചിരുന്നില്ല. വീട്ടില്‍ അതിക്രമിച്ചുകയറിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തു. ഇതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമെന്നായിരുന്നു ശ്യാമിന്റെ മൊഴി.

തിങ്കളാഴ്ച രാവിലെയാണ് സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്കുപോയ ആരതിയെ വഴിയില്‍ കാത്തുനിന്ന് ശ്യാം പെട്രോളൊഴിച്ചു തീകൊളുത്തിയത്. സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു ആരതി സ്ഥാപനത്തിന് 200 മീറ്റര്‍ അകലെ വച്ചായിരുന്നു ആക്രമണം.

ശ്യാമില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീടും ഭീഷണി തുടര്‍ന്നതോടെ പട്ടണക്കാട് പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍നിന്നു ജാമ്യം ലഭിച്ചു.

kerala police alappuzha Murder Case