ആദിത്യ ബിര്‍ള ഐഡിയ പേമെന്റ് ബാങ്ക് അടച്ചുപൂട്ടുന്നു

By online desk.22 07 2019

imran-azhar

 

 

ന്യൂഡല്‍ഹി: ആരംഭിച്ച് ഒന്നര വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ ധനകാര്യ സ്ഥാപനമായ ആദിത്യ ബിര്‍ള ഐഡിയ പേമെന്റ് ബാങ്ക് ലിമിറ്റഡ് അടച്ചുപൂട്ടുന്നു. 'അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങള്‍' ചൂണ്ടിക്കാട്ടിയാണ് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ബാങ്ക് ലാഭകരമല്ലെന്നും നിയമാനുസൃതമുള്ള അറിയിപ്പില്‍ കമ്പനി വ്യക്തമാക്കി.


ചുരുങ്ങിയ കാലത്തിനുള്ളില്‍ അടച്ചുപൂട്ടുന്ന അഞ്ചാമത്തെ പേമെന്റ് ബാങ്കാണിത്. നേരത്തേ ടെക് മഹീന്ദ്ര, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി, ഐഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ടെലിനെര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. 2015 ആഗസറ്റില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലൈസന്‍സ് ലഭിച്ച 11 കമ്പനികളില്‍ പ്രവര്‍ത്തനം ആരംഭിച്ച നാലാമത്തെ കമ്പനിയായിരുന്നു ആദിത്യ ബിര്‍ള ഐഡിയ പേമെന്റ് ബാങ്ക്. 2018 ഫെബ്രുവരിയിലായിരുന്നു ബാങ്ക് ആരംഭിച്ചത്.


ബാങ്കില്‍ നിലവിലുള്ള 200ഓളം ജീവനക്കാരില്‍ ഭൂരിപക്ഷം പേരെയും സഹോദര സ്ഥാപനങ്ങളില്‍ പുനര്‍വിന്യസിക്കാനാണ് പരിപാടി. ബാക്കിയുള്ളവരെ പുതിയ ജോലി കണ്ടെത്താന്‍ സഹായിക്കും. ബാങ്കില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 51ഉം വൊഡഫോണ്‍ ഐഡിയക്ക് 49ഉം ഓഹരികളാണുള്ളത്. കമ്പനിക്ക് 24 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് ആര്‍ബിഐക്ക് നല്‍കിയ നിയമപ്രകാരമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

ബാങ്കില്‍ 20 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇത് പിന്‍വലിക്കാനോ മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യാനോ നിക്ഷേപകര്‍ക്ക് അവസരം നല്‍കും. മൂന്നു മാസം കൊണ്ട് മാത്രമേ ബാങ്ക് പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുകയുള്ളൂ. നിക്ഷേപകര്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നും ഓരോരുത്തരുടെയും നിക്ഷേപങ്ങള്‍ തിരികെ നല്‍കിയ ശേഷം മാത്രമേ ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുയുള്ളൂ എന്നും കമ്പനി അറിയിച്ചു.

 

 

OTHER SECTIONS