മോന്‍സന്‍ മാവുങ്കലുമായി ബന്ധം; ഐജി ഗോഗുലത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

By priya.09 08 2022

imran-azhar

 

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധമുള്ളതുകൊണ്ട് സസ്‌പെന്‍ഡ് ചെയ്ത ഐജി ഗോഗുലത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 3 മാസത്തേക്കുകൂടി നീട്ടി.ലക്ഷ്മണിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി വേണ്ടിവരുമെന്ന് ഇന്റലിജന്‍സ് എഡിജിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

 

അന്വേഷണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നതു ശരിയല്ലെന്നു സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുന്ന കമ്മിറ്റി വിലയിരുത്തി.സസ്‌പെന്‍ഷന്‍ 90 ദിവസം കൂടി തുടരണമെന്ന കമ്മിറ്റി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

 

ചീഫ് സെക്രട്ടറി വി.പി.ജോയ് അധ്യക്ഷനായ കമ്മിറ്റിയില്‍ ഭരണപരിഷ്‌കാര അഡി.ചീഫ് സെക്രട്ടറി ആശാ തോമസ്, ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ഡോ. വി.വേണു, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവരാണ് അംഗങ്ങള്‍.

 

ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2021 നവംബര്‍ പത്തിന് ലക്ഷ്മണിനെ 2021 നവംബര്‍ 10 ന് സസ്‌പെന്‍ഡ് ചെയ്തത്.മോന്‍സനെതിരെ തട്ടിപ്പുകേസ് എടുത്തിട്ടും ഐജി  അയാളുമായുള്ള ബന്ധം തുടര്‍ന്നിരുന്നതായും മോന്‍സനെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

 

ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് നാലു മാസംകൂടി സസ്‌പെന്‍ഷന്‍ നീട്ടി. അടുത്തഘട്ടത്തില്‍ സസ്‌പെന്‍ഷന്‍ കാലാവധി ആറു മാസത്തേക്കാണ് നീട്ടേണ്ടതെങ്കിലും മൂന്നു മാസത്തേക്കാണ് നീട്ടിയത്. ഈ സസ്‌പെന്‍ഷന്‍ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്.

 

 

OTHER SECTIONS