തലസ്ഥാനത്തും മരട്;നിയമലംഘകരുടെ കൂട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരും, വിജിലന്‍സ് റിപ്പോര്‍ട്ട് കൈമാറി

By online desk.29 01 2020

imran-azhar

 തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ സ്ഥിതിവിരക്കണക്കുകള്‍ ശേഖരിച്ച വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. റവന്യൂ ഇന്റലിജന്‍സ് പുതിയ സ്‌ക്വാഡ് രൂപീകരിച്ച് നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച ശുപാര്‍ശ നല്‍കും. തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും തീരദേശ നിയമം പാലിക്കാതെയും വീട് നിര്‍മ്മിച്ചവരില്‍ ഏറെയും ഉന്നത ഉദ്യോഗസ്ഥരാണ്.

 

 

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരസഭയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കെട്ടിട നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ട് നല്‍കുന്ന അപേക്ഷയില്‍ കാണിച്ചിരിക്കുന്ന അളവിലല്ല ഭൂരിഭാഗം കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. കെട്ടിടത്തിന്റെയും മുറികളുടെയും വിസ്തീര്‍ണം കൃത്യമായി കാണിക്കുന്ന സ്‌കെച്ച് പെര്‍മിറ്റ് അപേക്ഷയ്‌ക്കൊപ്പം നല്‍കണമെന്നാണ് ചട്ടം. ഈ സ്‌കെച്ചനുസരിച്ചുള്ള അളവിലല്ല പല നിര്‍മാണങ്ങളും നടത്തിയിരിക്കുന്നത്.

 

നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന കെട്ടിടങ്ങള്‍ നഗരസഭാ ഉദ്യോഗസ്ഥരെത്തി സ്‌കെച്ചില്‍ കാണിച്ചിരിക്കുന്ന അളവിലാണോ നിര്‍മ്മിച്ചിരിക്കുന്നതെന്നുറപ്പാക്കണമെന്നാണ് നിയമം. എന്നാല്‍ പെര്‍മിറ്റ് നല്‍കുന്നതല്ലാതെ സ്വാധീനമുള്ളവരുടെ വീടുകള്‍ ഉദ്യോഗസ്ഥരെത്തി പരിശോധിക്കാറില്ല. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ഉന്നത ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പണവും പാരിതോഷികങ്ങളും നല്‍കുന്നതിനൊപ്പം വിരുന്ന് സല്‍ക്കാരങ്ങള്‍ നടത്തുന്നതായും റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

 

 

സാധാരണക്കാര്‍ വീടുവയ്ക്കാന്‍ അനുമതിക്ക് അപേക്ഷ നല്‍കിയാല്‍ മാസങ്ങളോളം നഗരസഭയില്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്. അതേസമയം വന്‍കിടക്കാരെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പെര്‍മിറ്റ് നല്‍കും. ഇവരുടെ വസ്തു ഏതുതരത്തിലുള്ളതാണെന്നും പരിശോധിക്കില്ല. ഇങ്ങനെ കെട്ടിപ്പൊക്കിയ മണിമാളികകളുടെ പട്ടികയും റവന്യൂ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്.

 

 

ആക്കുളം, കരമന, വിഴിഞ്ഞം, കോവളം, കവടിയാര്‍, പൂജപ്പുര, ഇടപ്പഴിഞ്ഞി, വഴുതക്കാട്, മണക്കാട് തുടങ്ങിയ മേഖലകളിലാണ് അനധികൃത കെട്ടിടങ്ങളധികവും. ഈ കെട്ടിടങ്ങള്‍ അടിയന്തിരമായി പൊളിച്ചുമാറ്റണമെന്നാണ് റവന്യൂ ഇന്റലിജന്‍സിന്റെ ശുപാര്‍ശ. അതിനു മുമ്പ് വിശദമായ പരിശോധനകള്‍ എല്ലാ ഫ്‌ളാറ്റുകളിലും നടത്തണമെന്നും ശുപാര്‍ശയിലുണ്ട്. ക്രമക്കേട് കണ്ടെത്തിയിട്ടുള്ള ഫ്‌ളാറ്റുകളില്‍ നഗരസഭയിലെ കെട്ടിടനിര്‍മാണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൊണ്ടുതന്നെ അളവുകള്‍ കൃത്യമാണോ എന്ന് പരിശോധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

മരടില്‍ അനധികൃത നിര്‍മാണത്തെ തുടര്‍ന്ന് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റിയ പശ്ചാത്തലത്തിലാണ് തലസ്ഥാനത്തും വിശദമായ പരിശോധന നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രമക്കേടായതിനാല്‍ പഴുതടച്ചുള്ള അന്വേഷണം വേണമെന്നും റവന്യൂ ഇന്റലിജന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ചു വേണം പരിശോധന നടത്താനെന്നും ശുപാര്‍ശയിലുണ്ട്. പല കെട്ടിടങ്ങളിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങളുമില്ല. ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിടാന്‍ ഡെമ്മി ഫയര്‍ സേഫ്റ്റി ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ വന്‍ ദുരന്തമാകും സംഭവിക്കുകയെന്നും റവന്യൂ ഇന്റലിജന്‍സ് പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS