ഐഎംഎ കണ്‍വെന്‍ഷനില്‍ കലാകൗമുദിക്ക് ആദരവ്

By online desk .19 01 2020

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ കലാകൗമുദിക്ക് ആദരം. ഐഎംഎ നേമം ശാഖയുടെ സ്തനാര്‍ബുദ നിയന്ത്രണ പരിപാടിയായ വാത്സല്യം പദ്ധതിയുടെ മാദ്ധ്യമസഹകാരിയെന്ന നിലയിലാണ് കലാകൗമുദി ആദരം ഏറ്റുവാങ്ങിയത്. കാട്ടാക്കട നിയോജക മണ്ഡലം എം.എല്‍.എ ഐ.ബി സതീഷില്‍ നിന്നും കലാകൗമുദി ഡയറക്ടര്‍ ഡോ. കസ്തൂരിബായ് മൊമന്റോ ഏറ്റുവാങ്ങി. പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പൊതുസമ്മേളനം മേയര്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെ സംഘശക്തിയായി ഐഎംഎ മാറിയെന്നും മേയര്‍ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഐഎംഎ ഇന്ന് ഏറ്റെടുക്കുന്നുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖല ഉയര്‍ന്നതില്‍ ഡോക്ടര്‍മാരുടെ പങ്ക് വലുതാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കിനെതിരെ ഐഎംഎ നടപ്പാക്കുന്ന ഹരിതം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മേയര്‍ കെ. ശ്രീകുമാറിന് തുണി സഞ്ചി നല്‍കികൊണ്ട് ഒ. രാജഗോപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. ഐഎംഎയുടെ ട്രോമകെയര്‍ ഇനീഷേറ്റീവുമായി സഹകരിച്ച റെസ്‌ക്യൂ ക്യാപ്റ്റന്‍മാരെ ചടങ്ങില്‍ എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ ആദരിച്ചു. ഐഎംഎയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അനുമോദിച്ച എം.എല്‍.എ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കേണ്ടതുണ്ടെന്നും ഓര്‍മിപ്പിച്ചു. ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബിനോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലയിലെ വിവിധ ശാഖകളും സംസ്ഥാന ഐഎംഎയും നടപ്പാക്കി വരുന്ന ഇമേജ് (ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പദ്ധതി ), ദേശീയ സുരക്ഷിത ശബ്ദ പരിപാടി , അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തര ചികിത്സാ സഹായ പദ്ധതി, സ്തനാര്‍ബുദ നിര്‍ണയ ബോധവത്കരണ പരിപാടി (വാത്സല്യം ) തുടങ്ങിയവയിലെ സാമൂഹ്യ സഹകാരികളും ഗുണഭോക്താക്കളും പങ്കെടുത്തു. ഐഎംഎ മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ഡോ. എ. മാര്‍ത്താണ്ഡ പിള്ള, സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്, സെക്രട്ടറി ഡോ. ഗോപികുമാര്‍, ഐഎംഎ നേമം ശാഖ ഭാരവാഹികളായ ഡോ. വി. മോഹനന്‍നായര്‍, പി. ഗോപിനാഥന്‍ നായര്‍, ഡോ. ഇന്ദിര അമ്മ, ഡോ. ശ്രീധര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

OTHER SECTIONS