സ്വപ്‌നസഞ്ചാരികളുടെ നിരാശാഭരിതമായ മടക്കം

By online desk.21 10 2019

imran-azhar
അമേരിക്ക ഇന്നും എന്നും എല്ലാവര്‍ക്കും ഭ്രമിപ്പിക്കുന്ന ഒരു സ്വപ്നമാണ്. അമേരിക്കയിലെത്തിയാല്‍ നാട്ടില്‍ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാകുമെന്നാണ് വിശ്വാസം. എന്നാല്‍ ശരിയായ വിസയും യാത്രാരേഖകളുമായി അമേരിക്കയില്‍ എത്തിച്ചേരുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ അവിടെ എത്തിപ്പെടാന്‍ എന്ത് ത്യാഗവും സഹിക്കാനും വളഞ്ഞ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും ഇന്ത്യക്കാര്‍ തയ്യാറാകും. ഇത്തരത്തില്‍ ഏതെങ്കിലുമൊക്കെ പ്രദേശങ്ങള്‍ വഴി ഇവരില്‍ അപൂര്‍വ്വം ചിലര്‍ ചിലപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തിയേക്കും. ഭൂരിഭാഗം പേരും പിടിക്കപ്പെടും. പിടിയിലാകുന്നവരെ കൂട്ടത്തോടെ തിരിച്ചയക്കും. ഇത്തരത്തില്‍
അമേരിക്കയെന്ന സ്വപ്‌നവുമായി മെക്‌സിക്കോ വരെയെത്തിയ ഒരു സ്ത്രീ ഉള്‍പ്പെടെ 311 പേരെ കൂട്ടത്തോടെ ഇന്ത്യയിലേയ്ക്ക് കയറ്റി അയച്ചു. പ്രലോഭനങ്ങള്‍ നല്‍കി വന്‍ തോതില്‍ പണം കൈപ്പറ്റി ഇത്തരത്തില്‍


ഒളിപ്പിച്ച് ആളെക്കടത്തുന്ന വന്‍ മാഫിയാ സംഘങ്ങളാണുള്ളത്. യാത്ര ഉള്‍പ്പെടെ എല്ലാം സുഖപര്യവസാനമായിത്തീരും എന്ന വാഗ്ദാനം നല്‍കുന്ന തട്ടിപ്പുകാര്‍ യു.ട്യൂബിലെ യാത്രാവീഡിയോകളൊക്കെ കാണിച്ചാണ് അമേരിക്കന്‍ മോഹികളെ പ്രലോഭിപ്പിക്കുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് തട്ടിപ്പിനിരയായി മെക്‌സിക്കോയിലെത്തിയശേഷം മടങ്ങേണ്ടി വന്നവര്‍.


കുടുംബത്തിലുള്ളവരെല്ലാം കൂടി നാളുകളായി സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്താണ് അമേരിക്കന്‍ സ്വപ്‌നം ഇവര്‍ സാഫല്യമാക്കുന്നത്. വളരെ നീണ്ട ഒരു യാത്രയ്‌ക്കൊടുവിലാണ് ഇവരെല്ലാവരും മെക്‌സിക്കോയിലെത്തിയത്. നേര്‍വഴിക്ക് ചെന്നാല്‍ അമേരിക്ക വിസ കൊടുക്കില്ല എന്നുറപ്പുള്ള പലരും ലക്ഷങ്ങള്‍ ചെലവിട്ടാണ് ഒരു അപകടയാത്രയ്ക്ക് തുനിഞ്ഞിറങ്ങുന്നത്. ആ യാത്രയില്‍ അനുഭവിക്കാനിരിക്കുന്ന ദുരിതങ്ങളെപ്പറ്റി അവര്‍ക്ക് യാതൊരു ധാരണയും ഉണ്ടാകില്ല. അത്തരം ഒരു ചിന്തയുണ്ടായിരുന്നെങ്കില്‍ പതിനഞ്ച് മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നല്‍കി ഇങ്ങനെയൊരു വാഗ്ദത്തഭൂമി തേടി ഇവരാരും പോകില്ലായിരുന്നു. ഇവരുടെ യാത്രാവഴികള്‍ പരിശോധിച്ചാല്‍ എന്ത് മാത്രം പ്രതിസന്ധികളാണ് തരണം ചെയ്തതെന്ന് ഏറെക്കുറെ മനസിലാക്കാനാകും. ഇപ്പോള്‍ മടങ്ങിയെത്തിയ സംഘത്തെ ഏജന്റുമാര്‍ വിമാനമാര്‍ഗ്ഗം ആദ്യം എത്തിച്ചത് ഇക്വഡോര്‍ എന്ന ദക്ഷിണ അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള ചെറിയ രാജ്യത്താണ്.


പിന്നെ കരമാര്‍ഗം, കൊളംബിയ, ബ്രസീല്‍, പെറു, പനാമ, കോസ്റ്ററിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലായി ഒരു സൗത്ത് അമേരിക്കന്‍ പര്യടനം നടത്തിയ ശേഷം അവരെ മെക്‌സിക്കോയിലെത്തിച്ചു. അവിടെ അവരെ തല്ലിപ്പൊളി ലോഡ്ജുകളില്‍ പാര്‍പ്പിച്ചു. ഇതിനിടെ പലതരത്തിലും എമിഗ്രേഷന്‍ ചെക്ക് പോയന്റുകള്‍ കടത്തുകയും ചെയ്യും. പനാമ മുതല്‍ മെക്‌സിക്കോ വരെയുള്ള യാത്ര വളരെ അപകടം നിറഞ്ഞതാണ്. ശരീരം പാടെ തളര്‍ത്തുന്ന, കിലോമീറ്ററുകള്‍ നീളുന്ന കാട്ടിലൂടെയുള്ള യാത്ര. വെള്ളവും ഭക്ഷണവും പോലുമില്ലാത്ത ഈ യാത്ര പലരെയും രോഗബാധിതരാക്കി.
ഈ വിസാ ഏജന്റുകള്‍ക്ക് വ്യവസ്ഥാപിതമായ ഓഫീസുകളും ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ അവരെ ഈ തട്ടിപ്പിന്റെ പേരില്‍ കണ്ടെത്താനോ പണം തിരികെ വാങ്ങാനോ സാധിക്കാറില്ല. പലരും തങ്ങളുടെ വലവിരിക്കുന്നത് വാട്ട്‌സാപ്പില്‍ ആണ്. മാഫിയാ സംഘങ്ങള്‍ വാഴുന്ന കൊളംബിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ കരമാര്‍ഗമുള്ള ഇവരുടെ യാത്രയ്ക്ക് കൂട്ടുവരുന്നത് തോക്കേന്തിയ നാലോ അഞ്ചോ മല്ലന്മാരാണ്. അവരോടാണെങ്കില്‍, അസൗകര്യങ്ങളെപ്പറ്റി മിണ്ടാന്‍ പോലും പറ്റില്ല. അവര്‍ക്ക് സ്പാനിഷല്ലാതെ കാര്യമായ ഭാഷയും അറിയില്ല. പനാമയില്‍ എത്തിയ ശേഷമാണ് അവരുടെ യാത്രയിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ പര്‍വ്വം തുടങ്ങുന്നത്. എട്ടുദിവസങ്ങളോളം തുടര്‍ച്ചയായി ഘോരവനത്തിനുള്ളിലൂടെയുള്ള ട്രെക്കിങ്ങായിരുന്നു. ഇടയ്ക്കിടെ പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ട് ഇട്ടിട്ടുള്ള അടയാളങ്ങള്‍ നോക്കിയാണ് വഴികാട്ടികളായി കൂടെ വന്നവര്‍ അവരെ നയിച്ചിരുന്നത്. അവസാനത്തെ മൂന്നുദിവസം വെള്ളം പോലും കുടിക്കാന്‍ കിട്ടാതെയുള്ള യാത്രയായിരുന്നു. ഷര്‍ട്ട് പിഴിഞ്ഞ് കിട്ടിയ സ്വന്തം വിയര്‍പ്പായിരുന്നു അവര്‍ ദാഹം തീര്‍ക്കാന്‍ കുടിച്ചിറക്കിയത്. കഴിക്കാനും ഒന്നും കിട്ടിയില്ല. വന്യമൃഗങ്ങളുള്ള വനത്തിലൂടെ യാത്ര ചെയ്തിട്ടും മരിക്കാതെ രക്ഷപ്പെട്ടത് എന്തോ ഭാഗ്യത്തിനാണെന്നും സംഘം പറയുന്നു. യാത്രയ്ക്കിടെ സംഘത്തിലുണ്ടായിരുന്ന ചിലര്‍ മരണപ്പെട്ടിരുന്നു. മെക്‌സിക്കോ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഈ സ്വപ്‌നസഞ്ചാരികള്‍ അവിടെ ജയിലില്‍ അടക്കപ്പെട്ടു. വൃത്തിഹീനമായ പരിസരങ്ങള്‍, ദിവസം രണ്ടു നേരം മാത്രം ഭക്ഷണം. ഒരുപാട് അനുഭവിച്ചു എല്ലാവരും. അസുഖങ്ങള്‍ പലതുള്ള എല്ലാവരെയും കൂടി കുടുസ്സുമുറികളില്‍ അടച്ചിട്ടിരുന്നു. കഷ്ടിച്ച് എല്ലാവര്‍ക്കും കിടന്നുറങ്ങാനുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളൂ ഡിറ്റന്‍ഷന്‍ ക്യാമ്പിനുള്ളിലുള്ള അസുഖങ്ങള്‍ അങ്ങനെ എല്ലാവര്‍ക്കും പകര്‍ന്നു കിട്ടി.
രണ്ട് മൂന്ന് മാസത്തെ യാത്ര, നാല്പത്തഞ്ചു ദിവസത്തെ മെക്‌സിക്കോയില്‍ ജയില്‍വാസം. തിരിച്ച് നാട്ടിലേക്കുള്ള ഡീപോര്‍ട്ടേഷന്‍. പണവും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ട ഇവര്‍ ഇനി എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്.

 

OTHER SECTIONS