പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി; പൗരന്മാരോട് സ്വത്ത് വിവരം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

By mathew.11 06 2019

imran-azhar


ഇസ്ലാമബാദ്: ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ രാജ്യത്തെ പൗരന്മാരെല്ലാം സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന നിര്‍ദേശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍ദേശം. ജൂണ്‍ 30 ന് മുമ്പ് എല്ലാവരും തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം.

ബിനാമി സ്വത്തുക്കള്‍, ബിനാമി അക്കൗണ്ടുകള്‍, വിദേശ രാജ്യങ്ങളിലെ നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് വെളിപ്പെടുത്തണം. ബിനാമി ഇടപാടുകളെയും അനധികൃത നിക്ഷേപങ്ങളെയും പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ ഏജന്‍സിയുടെ പക്കല്‍ ഉണ്ടെന്നും ജൂണ്‍ 30 ന് ശേഷം ആര്‍ക്കും അവസരം നല്‍കില്ലെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.


നികുതി അടച്ചില്ലെങ്കില്‍ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും മികച്ച രാജ്യമായി മാറാന്‍ നാം സ്വയം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പൊതുകടം 2.85 ലക്ഷം കോടിയില്‍ നിന്ന് 14.25 കോടിയായി ഉയര്‍ന്നു. രാജ്യത്ത് നികുതിയായി പിരിക്കുന്ന തുകയുടെ ഭൂരിഭാഗവും കടം വീട്ടാന്‍ ഉപയോഗിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ഒഴികെ പാക്കിസ്ഥാനിലുള്ള ബിനാമി സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ നാല് ശതമാനം മാത്രം നികുതി ഈടാക്കി അതിനെ കണക്കില്‍ പെട്ട സ്വത്തുക്കളായി മാറ്റാമെന്ന് അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിലെ ബാങ്കുകളില്‍ ബിനാമി പേരുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം, വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം എന്നിവയ്ക്ക് ആറ് ശതമാനം നികുതി ഈടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 

OTHER SECTIONS