ജയ്ഷെ മുഹമ്മദിന്റെ ഉപ തലവനെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ; നിലപാടിനെ എതിര്‍ത്ത് ചൈന

By priya.12 08 2022

imran-azhar

 

പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദിന്റെ ഉപ തലവന്‍ അബ്ദുള്‍ റൗഫ് അസറിനെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും നിലപാടിനെ എതിര്‍ത്ത് ചൈന. അസറിനെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 1267 ഉപരോധ സമിതിയുടെ കീഴില്‍ പട്ടികപ്പെടുത്താനുള്ള നിര്‍ദേശത്തെയാണ് ചൈന തള്ളിയത്. അന്‍സറിനെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അമേരിക്ക അടക്കം യുഎന്‍ രക്ഷാസമിതിയിലെ 14 അംഗരാജ്യങ്ങളും പിന്തുണച്ചിരുന്നു.

 

1999ല്‍ ഇന്ത്യയുടെ വിമാനം തട്ടിയെടുത്ത കേസിലും പാര്‍ലമെന്റ് ആക്രമണ ഗൂഢാലോചനയിലും പത്താന്‍കോട്ട് സൈനിക ക്യാമ്പ് ആക്രമണത്തിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് അബ്ദുള്‍ റൗഫ് അസറാണ്. അസറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കാനായിരുന്നു ഇന്ത്യയുടെയും അമേരിക്കയുടെയും പ്രമേയം. ചൈനയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്നാണ് സുരക്ഷാ കൗണ്‍സിലിലെ നയതന്ത്ര പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.

 

ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നീങ്ങുന്ന ഘട്ടത്തില്‍ ചൈനയുടെ ഇരട്ടത്താപ്പ് വെളിപ്പെട്ടതായി നയതന്ത്ര പ്രതിനിധികള്‍ വിമര്‍ശിച്ചു.2010 ല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഇന്ത്യയില്‍ ചാവേര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും പാകിസ്ഥാനികളെ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് യുഎസ് ട്രഷറി അസറിനെ പട്ടികപ്പെടുത്തിയിരുന്നു.

 

 

OTHER SECTIONS