ബംഗ്ലദേശിനെതിരായ ട്വന്റി 20; ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു

By mathew.07 11 2019

imran-azhar

 


രാജ്‌കോട്ട്: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലദേശ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. അതിനാല്‍ ഇന്നത്തെ മത്സരം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്താനാകും ഇന്ത്യ ശ്രമിക്കുന്നത്. ആദ്യ മത്സരം തോറ്റെങ്കിലും അതേ ടീമിനെയാണ് ഇന്ത്യ ഇന്നും കളത്തിലിറക്കുന്നത്. ഇതോടെ, ദീര്‍ഘനാളത്തെ ഇടവേളയ്‌ക്കൊടുവില്‍ ടീമില്‍ മടങ്ങിയെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ കളത്തിലിറങ്ങാനുള്ള കാത്തിരിപ്പ് നീളും.


മറുവശത്ത് ഷാക്കിബ് അല്‍ ഹസ്സനും തമിം ഇക്ബാലും ഉള്‍പ്പെടെയുള്ള പ്രമുഖരില്ലാതെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ബംഗ്ലദേശ്. ട്വന്റി20 ചരിത്രത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലദേശിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. ആദ്യ മത്സരത്തിലെ ടീമിനെ തന്നെയാണ് ബംഗ്ലദേശും നിലനിര്‍ത്തിയിരിക്കുന്നത്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബംഗ്ലദേശ് രണ്ട്‌ ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 20 റണ്‍സ് എടുത്തിട്ടുണ്ട്.

 

OTHER SECTIONS