ബംഗ്ലാദേശിനെതിരായ ട്വന്റി 20; ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

By mathew.08 11 2019

imran-azhar

 


രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റ് 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങള്‍ ഉള്‍പെടുന്ന പരമ്പരയില്‍ ഇന്ത്യ ബംഗ്ലാദേശിനാപ്പമെത്തി.

100ാം രാജ്യാന്തര ട്വന്റി 20 മത്സരത്തില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 43 പന്തില്‍ ആറു വീതം സിക്സും ബൗണ്ടറികളും നേടിയാണ് രോഹിത് 85 റണ്‍സെടുത്തത്. വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണിത്.

31 റണ്‍സെടുത്ത ശിഖര്‍ ധവാനെ ആമിനുള്‍ ഇസ്ലാം പുറത്താക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്-ധവാന്‍ സഖ്യം 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസ് അയ്യരും (24), കെ.എല്‍ രാഹുലും (8) പുറത്താകാതെ നിന്നു.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്ത ലിറ്റണ്‍ ദാസ്-മുഹമ്മദ് നയീം സഖ്യം ബംഗ്ലാദേശിന് മികച്ച തുടക്കം നല്‍കിയിരുന്നു.

36 റണ്‍സെടുത്ത നയീമിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു. മുഷ്ഫിഖുര്‍ റഹീമിനെയും (4) സൗമ്യ സര്‍ക്കാരിനെയും (30) ചാഹല്‍ പുറത്താക്കി.

ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റന്‍ മഹ്മദുള്ള 30 റണ്‍സ് നേടി. ഇന്ത്യയ്ക്കായി ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

 

 

OTHER SECTIONS