ഷമിയുടെയും ജഡേജയുടെയും മുന്നില്‍ അടി പതറി ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് 203 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

By mathew.06 10 2019

imran-azhar

 

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 203 റണ്‍സിന്റെ കൂറ്റന്‍ വിജയം. അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും നാല് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. രണ്ടാമിന്നിങ്സില്‍ 395 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

 

107 പന്തില്‍ 56 റണ്‍സ് നേടിയ ഡെയ്ന്‍ പിഡെറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. 70 റണ്‍സിനിടെ എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് വലിയ നാണക്കടിന്റെ ഭീഷണി നേരിട്ട ദക്ഷിണാഫ്രിക്കയെ വാലറ്റമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സ്‌കോര്‍: ഇന്ത്യ-502/7 ഡ്ക്ലയേര്‍ഡ്, 323/4 ഡിക്ലയേര്‍ഡ്. ദക്ഷിണാഫ്രിക്ക-431,191.

 

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് നാല് റണ്‍സ് എടുക്കുന്നതിനിടെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ആറു ബാറ്റ്സ്മാന്മാര്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായി. ഒമ്പതാം വിക്കറ്റില്‍ സെനൂരന്‍ മുത്തുസാമിയും ഡെയ്ന്‍ പിഡെറ്റും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 91 റണ്‍സാണ് ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. മുത്തുസാമി 49 റണ്‍സുമായി പുറത്താകാതെ നിന്നു. പിഡെറ്റ് 107 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 56 റണ്‍സ് നേടി.

 

നാല് വിക്കറ്റിന് 323 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ഇന്ത്യ രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറിയുടെയും ( 127) പൂജാരയുടെ (81) അര്‍ധ ശതകത്തിന്റെയും കരുത്തിലാണ് ഇന്ത്യ 323 റണ്‍സ് സ്വന്തമാക്കിയത്. മായങ്ക് അഗര്‍വാള്‍ (7), രവീന്ദ്ര ജഡേജ ( 40) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു ബാറ്റ്സമാന്മാര്‍. വിരാട് കോഹ്‌ലി (31), രഹാന (27) എന്നിവര്‍ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ രണ്ട് വിക്കറ്റുകളും റബാഡ, ഫിലാഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

OTHER SECTIONS