അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നു; സേനകള്‍ വെടിയുതിര്‍ത്തത് 200 റൗണ്ട്

By online desk .17 09 2020

imran-azhar

 

 

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായ ഈ മാസം ആദ്യം ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ 200 റൗണ്ട് മുന്നറിയിപ്പ് വെടിവയ്പ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയില്‍ ഫിംഗര്‍ 3യ്ക്കും ഫിംഗര്‍ 4നും ഇടയിലുള്ള സ്ഥലത്ത് വച്ചായിരുന്നു 200 റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്തു.
ഉന്നത ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാദ്ധ്യമങ്ങളും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും ഇത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിവരം വെളിപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല.

 

മോസ്‌കോയില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കറും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഏതാനും ദിവസം മുമ്പായിരുന്നു ഈ വെടിവയ്പ്പ്. സെപ്റ്റംബര്‍ 10നായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച. ഈ ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും സമാധാനത്തിനുള്ള അഞ്ചിന തത്വങ്ങള്‍ അംഗീകരിച്ചതായി സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സൈനിക പി•ാറ്റം വേഗത്തിലാക്കാനും ചര്‍ച്ചകള്‍ തുടരാനും അതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങളും കൃത്യമായ അകലം പാലിക്കാനും പരസ്പര വിശ്വാസം നിലനിര്‍ത്തുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാനുമായിരുന്നു ചര്‍ച്ചയില്‍ ധാരണ.

 

അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായതിന് ശേഷം വെടിവയ്പ്പിന്റെ വിവരം ഔദ്യോഗികമായി അറിയിക്കുന്നത് ഇത് രണ്ടാം തവണയാണ്. ചുഷൂല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം വെടിവെപ്പ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത്തരം വെടിവെപ്പിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. മോസ്‌കോ ഉച്ചകോടിയില്‍ പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലും ഇക്കാര്യം ചര്‍ച്ച ചെയ്തതായി പുറത്തറിയിച്ചിട്ടില്ല.


പാര്‍ലമെന്റില്‍ സംഘര്‍ഷത്തെ കുറിച്ച് പ്രതിരോധ മന്ത്രി പ്രത്യേക പ്രസ്താവന നടത്തിയപ്പോഴും വെടിവെപ്പിനെ കുറിച്ച് പറഞ്ഞിരുന്നില്ല. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ യഥാര്‍ഥ വിവരം എന്തെന്ന കാര്യത്തില്‍ രാജ്യം ഇരുട്ടിലാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

 

OTHER SECTIONS