വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകൾ തകര്‍ത്ത് ഇന്ത്യ

By Online Desk.21 10 2019

imran-azhar

 


ശ്രീനഗര്‍: കശ്മീരിലെ കുപ്വാര ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകളും പാക്ക് പട്ടാള പോസ്റ്റുകളും ഇന്ത്യന്‍ സേന ആക്രമിച്ചു. നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള ആക്രമണത്തില്‍ 5 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ഷെല്ലാക്രമണത്തില്‍ 45 ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.


നേരത്തേ പാക്ക് സൈന്യത്തിന്റെ വെടിവയ്പുണ്ടായ തങ്ഹര്‍ മേഖലയ്ക്ക് എതിര്‍വശത്തുള്ള നാലു ഭീകരക്യാംപുകള്‍ക്കു നേരെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. പാക്ക് അധിനിവേശ കശ്മീരിലെ നീലം വാലിയില്‍ ഭീകരരുടെ നാല് ലോഞ്ച് പാഡുകളാണ് സേന നശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച കുപ്‌വാരയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ 2 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു.


യാതൊരു പ്രകോപനവുമില്ലാതെയുള്ള പാക്ക് വെടിവയ്പ് ഭീകരരെ നുഴഞ്ഞുകയറ്റത്തില്‍ സഹായിക്കാന്‍ വേണ്ടിയാണെന്ന് സൈനികരിലൊരാളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയായിരുന്നു ഇന്ത്യ ആക്രമിച്ചത്. ഭീകരരെ തുടര്‍ച്ചയായി ഇന്ത്യന്‍ പ്രദേശത്തേക്ക് എത്തിക്കുന്ന പാക്ക് ഭീകര ക്യാംപുകളിലേക്കു പീരങ്കികളും ഷെല്ലുകളും ഉള്‍പ്പെടെ ഉപയോഗിച്ചാണു സേന ആക്രമണം നടത്തിയത്. പാക്ക് സൈനിക പോസ്റ്റുകളിലേക്കും വെടിയുതിര്‍ത്തു. ഇന്ത്യയുടെ ഒന്‍പത് സൈനികരെ കൊലപ്പെടുത്തിയെന്ന് പാക്ക് പട്ടാളം ട്വീറ്റ് ചെയ്‌തെങ്കിലും ഇന്ത്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഒരു സൈനികനും മൂന്നു സാധാരണക്കാരും കൊല്ലപ്പെട്ടതായി പാക്ക് സൈനിക വക്താവ് വ്യക്തമാക്കി.

 

OTHER SECTIONS