By സൂരജ് സുരേന്ദ്രൻ .15 01 2021
തിരുവനന്തപുരം: വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വാക്സിനേഷന് കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്സിനേഷന് ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്സിന് ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
കേന്ദ്രങ്ങളില്‍ വാക്സിനേഷന് ബോധവത്ക്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. വാക്സിനേഷന് ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.
രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കണം.
വാക്സിനേഷന് കേന്ദ്രങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അപ്പപ്പോള്‍ തന്നെ വിലയിരുത്തി പരിഹരിച്ച് വാക്സിനേഷന് പ്രകൃയ സുഗമമാക്കണം.
കോവിഡ് വാക്സിനേഷന്റെ ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ഉന്നതതലയോഗം ചേര്‍ന്നു.
എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
കോവിഡ് വാക്സിനേഷനായി എല്ലാ ജില്ലകളും തയ്യാറാണെന്ന് യോഗം വിലയിരുത്തി.