ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷം

By mathew.12 09 2019

imran-azhar

 


ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍.

134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. ടിബറ്റ് മുതല്‍ ലഡാക്ക് വരെ നീണ്ടുകിടക്കുന്ന ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനീസ് നിയന്ത്രണത്തിലാണ്.

ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇരുവിഭാഗത്തെയും സൈനികര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ഇരുഭാഗത്ത് നിന്നും പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചതായാണ് റിപ്പോര്‍ട്ട്.

ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഉഭയകക്ഷി സംവിധാനമുണ്ട്. ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുമുണ്ട്. നിയന്ത്രരേഖയുമായി ബന്ധപ്പെട്ട ആശയകുഴപ്പമാണ് നിലവിലുള്ളത്. അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും ഫ്ളാഗ് ചര്‍ച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവം.

 

OTHER SECTIONS